'കലാപം ആളിക്കത്തിക്കാന്‍ ശ്രമിച്ചെന്ന്'; എഡിറ്റേഴ്‌സ് ഗില്‍ഡിനെതിരേ കേസെടുത്ത് മണിപ്പൂര്‍ പോലിസ്
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം സംബന്ധിച്ച വസ്തുതാന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ട എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയ്‌ക്കെതിരേ മണിപ്പൂര്‍ പോലിസ് കേസെടുത്തു. സംസ്ഥാനത്ത് സംഘര്‍ഷം ആളിക്കത്തിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് അംഗങ്ങള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇക്കാര്യം മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല, എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ വസ്തുതാന്വേഷണ റിപോര്‍ട്ടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സുപ്രിം കോടതിയുടെ നിരീക്ഷണത്തിലാണ് മണിപ്പൂരിലെ സ്ഥിതി. ഈ സാഹചര്യത്തിനിടയില്‍, വസ്തുതാപരമായ പിശക് ഉള്‍ക്കൊള്ളുന്ന ഒരു റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത് അപലപിക്കേണ്ടതാണ്. അത്തരം റിപോര്‍ട്ട് ഇപ്പോഴത്തെ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുകയോ തീവ്രമാക്കുകയോ ചെയ്യും. സര്‍ക്കാര്‍ ഇത്തരം നടപടിയെ അപലപിക്കുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്‌തെന്നും എന്‍ ബിരേന്‍ സിങ് പറഞ്ഞു. പിഴവുകളുള്ള ഇത്തരം റിപോര്‍ട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസിദ്ധീകരിക്കുന്നത് വലിയ നാണക്കേടാണ്. അവരുടെ റിപ്പോര്‍ട്ട് കാണുമ്പോള്‍ അവര്‍ക്ക് രാജ്യവിരുദ്ധരേയോ ദേശവിരുദ്ധരേയോ ഇഷ്ടമാണെന്ന് തോന്നുന്നുവെന്നും ബിരേന്‍ സിംഗ് പറഞ്ഞു.
മെയ്തികളും കുക്കികളും തമ്മിലുള്ള സംഘര്‍ഷത്തിനിടെ മെയ് ആദ്യം സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് കാരണം മണിപ്പൂരില്‍ നിന്നുള്ള റിപോര്‍ട്ടിങ് ബുദ്ധിമുട്ടാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ മൂന്നംഗ വസ്തുതാന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ മണിപ്പൂരിലെ മാധ്യമപ്രവര്‍ത്തകര്‍ സംഘര്‍ഷത്തെ ഏകപക്ഷീയമായ രീതിയില്‍ റിപോര്‍ട്ട് നല്‍കിയതായും എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ വസ്തുതാന്വേഷണ സംഘം സപ്തംബര്‍ രണ്ടിന് പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനിടെ, ഓള്‍ മണിപ്പൂര്‍ വര്‍ക്കിങ് ജേണലിസ്റ്റ്‌സ് യൂനിയനും(എഎംഡബ്ല്യുജെയു) എഡിറ്റേഴ്‌സ് ഗില്‍ഡ് മണിപ്പൂരും(ഇജിഎം) എഡിറ്റര്‍ ഗില്‍ഡ് ഓഫ് ഇന്ത്യയുടെ ആരോപണം തള്ളിയിരുന്നു. മാത്രമല്ല, എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ വസ്തുതാന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.