കൊവിഡ് പ്രതിസന്ധി; ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി
കൊല്‍ക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റദ്ദാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ബംഗാളിലെ എന്റെ എല്ലാ തിരഞ്ഞെടുപ്പ് പൊതുറാലികളും താല്‍ക്കാലികമായി റദ്ദാക്കുകയാണ്. ഈ സാഹചര്യത്തില്‍ വലിയ റാലികള്‍ നടത്തുന്നതുമൂലമുണ്ടാവുന്ന അനന്തരഫലത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കണമെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളോടും ഞാന്‍ ആവശ്യപ്പെടുകയാണ്- രാഹുല്‍ ഗാന്ധി കുറിച്ചു. കൊവിഡ് പടര്‍ന്നുപിടിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും സത്യത്തെ അടിച്ചമര്‍ത്തലും ലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വൈറസ് കേസുകള്‍ വര്‍ധിക്കുന്നതിനിടയില്‍ രാഷ്ട്രീയറാലികള്‍ നടത്തിയതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കോണ്‍ഗ്രസും വിമര്‍ശിച്ചു. കൊവിഡ് വര്‍ധിക്കുന്നതിനിടയില്‍ വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ പ്രധാനമന്ത്രി വലിയ രാഷ്ട്രീയ റാലികള്‍ നടത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി തന്റെ ജോലി ചെയ്യണം. മുഖ്യമന്ത്രിമാരുമായി ഏകോപനം നടത്തി കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.