ക്രമക്കേട് ആരോപിച്ച് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം; റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷ നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. ഇത് കണക്കിലെടുത്ത് റെയില്‍വേ മന്ത്രാലയം ബോര്‍ഡ് പരീക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നോണ്‍ടെക്‌നിക്കല്‍ പോപുലര്‍ കാറ്റഗറികളും (എന്‍ടിപിസി) ലെവല്‍ 1 ടെസ്റ്റുകളുമാണ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്.
പരീക്ഷയില്‍ യോഗ്യത നേടുകയോ പരാജയപ്പെടുകയോ ചെയ്ത ഉദ്യോഗാര്‍ഥികളുടെ അഭിപ്രായം കേള്‍ക്കാന്‍ റെയില്‍വേ മന്ത്രാലയം ഒരു കമ്മിറ്റിയും രൂപീകരിച്ചു. കമ്മിറ്റി റിപോര്‍ട്ട് റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിക്കും. അതിന് ശേഷമേ പരീക്ഷ സംബന്ധിച്ച് റെയില്‍വേ മന്ത്രാലയം തീരുമാനമെടുക്കൂ എന്ന് റെയില്‍വേ മന്ത്രാലയ വക്താവ് അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ ന്യൂഡല്‍ഹി- കൊല്‍ക്കത്ത പ്രധാന റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കുകയും മറ്റുചിലര്‍ ബിഹാറിലെ അറാ, ഷെരീഫ് റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ അറായില്‍ ട്രെയിനിന് തീയിട്ടതായും റിപോര്‍ട്ടുണ്ട്.