ദേശീയ സെക്രട്ടറിയെ കൈയേറ്റം ചെയ്തു; യുപിയില്‍ നാല് കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്റ് ചെയ്തു
ലഖ്‌നോ: ദേശീയ സെക്രട്ടറിയെ കൈയേറ്റം ചെയ്തതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ബല്‍റാംപൂര്‍ ജില്ലാ അധ്യക്ഷനുള്‍പ്പെടെ നാല് നേതാക്കളെ അച്ചടക്ക നടപടിയുടെ ഭാഗമായി കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്റ് ചെയ്തു. ബല്‍റാംപൂര്‍ ജില്ലാ അധ്യക്ഷന്‍ അനൂജ് സിങ്, ജില്ലാ വൈസ് പ്രസിഡന്റ് അഖാര്‍ ഹുസൈന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വിനയ് മിശ്ര, ദീപക് മിശ്ര എന്നിവരെയാണ് ആറുവര്‍ഷത്തേക്ക് ചുമതലകളില്‍നിന്ന് ഒഴിവാക്കിയത്.
വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് സെക്രട്ടറി സത്യനാരായണ പട്ടേലിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തിലാണ് നടപടി. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു കൈയാങ്കളി. സത്യനാരായണ പട്ടേല്‍ മുന്‍ എംഎല്‍എയും പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ അടുത്തയാളുമാണ്.
ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണല്‍ നടക്കും. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അനൂജ് സിങ് പറഞ്ഞു. താന്‍ 30 വര്‍ഷമായി പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനാണ്. ഒരു ആക്രമണവുമുണ്ടായിട്ടില്ല. ചിലര്‍ അപമര്യാദയായി പെരുമാറി, ഞങ്ങള്‍ അത് തടയാന്‍ ശ്രമിച്ചു. ഇക്കാര്യങ്ങളെല്ലാം സോണിയാ ഗാന്ധിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.