യുപിയില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സാധാരണക്കാരനായ ലല്ലു; പ്രിയങ്കയുടെ തീരുമാനത്തിന് രാഹുലിന്റെ പിന്തുണ
സാധാരണക്കാര്‍ക്കിടയില്‍ നിന്നൊരാളെ പാര്‍ട്ടി നേതൃത്വത്തിലേക്കു കൊണ്ട് വന്നിരിക്കുകയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി. അജയ് കുമാര്‍ ലല്ലുവെന്ന നേതാവിനെയാണ് പുതിയ അധ്യക്ഷനായി കോണ്‍ഗ്രസ് കണ്ടെത്തിയത്. താമുഖി രാജ് എംഎല്‍എയാണ് അജയ് കുമാര്‍ ലല്ലു.
ലഖ്‌നോ: പല പരീക്ഷണങ്ങളും പരാജയപ്പെട്ട ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്താന്‍ പുതിയ നീക്കവുമായി പ്രിയങ്ക ഗാന്ധി. സാധാരണക്കാര്‍ക്കിടയില്‍ നിന്നൊരാളെ പാര്‍ട്ടി നേതൃത്വത്തിലേക്കു കൊണ്ട് വന്നിരിക്കുകയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി. അജയ് കുമാര്‍ ലല്ലുവെന്ന നേതാവിനെയാണ് പുതിയ അധ്യക്ഷനായി കോണ്‍ഗ്രസ് കണ്ടെത്തിയത്. താമുഖി രാജ് എംഎല്‍എയാണ് അജയ് കുമാര്‍ ലല്ലു.
രണ്ടു പതിറ്റാണ്ടായി കൊമ്പന്‍മാര്‍ ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് പഴയ കെട്ടിട നിര്‍മാണ തൊഴിലാളിയായ ലല്ലുവിന്റെ വരവ്. ആറോളം നേതാക്കളുടെ നേതൃത്വത്തില്‍ അടുത്ത കാലത്ത് യുപിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിരുന്നു. ജിതന്‍ പ്രസാദ്, സഞ്ജയ് സിങ്, ശ്രീപ്രകാശ് ജൈസ്വാള്‍, നിര്‍മ്മല്‍ ഖാത്രി, സല്‍മാന്‍ ഖുര്‍ഷിദ്, രാജ് ബബ്ബര്‍ എന്നിവരെയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് പരീക്ഷിച്ചത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമാണ് സംസ്ഥാനത്ത് നിന്ന് നേടാന്‍ കഴിഞ്ഞത്. സംസ്ഥാന അദ്ധ്യക്ഷനായിരുന്ന രാജ് ബബ്ബര്‍ രാജിവയ്ക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് പുതിയ സംസ്ഥാന അദ്ധ്യക്ഷനെ തേടുകയായിരുന്നു. സവര്‍ണ, സമ്പന്ന നേതാക്കള്‍ക്ക് പകരം സാധാരണ ജനങ്ങളുമായി ബന്ധമുള്ളതും അവരുടെ ഇടയില്‍ നിന്നാണെന്ന് ജനങ്ങള്‍ക്ക് തോന്നുകയും ചെയ്യുന്ന ഒരു നേതാവുണ്ടാകണമെന്നായിരുന്നു ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നിലപാട്.
രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശവും ലല്ലുവിന്റെ പുതിയ നിയമനത്തിന് പിന്നിലുണ്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലല്ലു സംസ്ഥാന അധ്യക്ഷനായെത്തിയതില്‍ സന്തോഷത്തിലാണ്.
2001ല്‍ കുഷിനഗറിലെ കിഷന്‍ പിജി കോളജില്‍ നിന്ന് ബിരുദാനന്തര പഠനത്തിന് ശേഷമാണ് ലല്ലു രാഷ്ട്രീയത്തില്‍ സജീവമായത്. കോളജ് പഠനകാലത്ത് കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീടും സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് സജീവമായി.
2007ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും പിന്തുണക്കാനില്ലാത്തതിനാല്‍ സ്വതന്ത്രനായി മത്സരിച്ചു പരാജയപ്പെട്ടു. കാര്‍ഷിക കുടുംബത്തില്‍ നിന്നുള്ള ലല്ലുവിന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നതിനാല്‍ കെട്ടിട നിര്‍മാണ തൊഴില്‍ ചെയ്യുന്നതിന് വേണ്ടി നോയിഡയിലേക്ക് പോയി.
എട്ട് മാസത്തെ തൊഴിലിന് ശേഷം ലല്ലു നാട്ടിലേക്ക് തിരികെ വന്നു. ഈ സമയത്ത് നാട്ടുകാര്‍ അദ്ദേഹത്തോട് ഇനി ഡല്‍ഹിയിലേക്ക് മടങ്ങരുതെന്ന ആവശ്യപ്പെട്ടു. തുടര്‍ന്ന് ലല്ലു രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു. കര്‍ഷക പ്രശ്‌നങ്ങളില്‍ ഇടപെട്ട് നാട്ടുകാര്‍ക്ക് പ്രിയങ്കരനായി.
2012ല്‍ ലല്ലുവിന് കോണ്‍ഗ്രസ് നിയമസഭാ സീറ്റ് നല്‍കി. ബിജെപി സ്ഥാനാര്‍ത്ഥിയെ അയ്യായിരത്തിലധികം വോട്ടിന് തോല്‍പ്പിച്ച് എംഎല്‍എയായി. 2017ലും വിജയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ജൂണില്‍ രാഹുല്‍ ഗാന്ധി ലല്ലുവിനെ ട്വിറ്ററില്‍ ഫോളോ ചെയ്തത് ശ്രദ്ധേയമായിരുന്നു. ഇതിന് പിറ്റേ ദിവസമാണ് ലല്ലുവിനെ കിഴക്കന്‍ യുപിയുടെ പാര്‍ട്ടി ചുമതല ഏല്‍പ്പിക്കുന്നത്. തുടര്‍ന്ന് പ്രിയങ്ക ഗാന്ധി സംസ്ഥാനത്തെത്തിയ ശേഷം നടത്തിയ പ്രക്ഷോഭങ്ങളിലൊക്കെ സജീവമായിരുന്നു. കഴിഞ്ഞ മാസം ബിജെപി നേതാവ് ചിന്മായന്ദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളില്‍ കോണ്‍ഗ്രസ് മാത്രമാണ് തെരുവിലിറങ്ങിയത്. ഈ പ്രക്ഷോഭം വിജയിപ്പിച്ചതിന് പിന്നില്‍ ലല്ലുവായിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചത്.