ഉത്തര്‍പ്രദേശില്‍ പ്രത്യേക പ്രകടനപത്രിക പുറത്തിറക്കാന്‍ കോണ്‍ഗ്രസ്
കരാര്‍ അധ്യാപകര്‍, പെന്‍ഷന്‍ പദ്ധതി പരിഷ്‌കരണം, താല്‍ക്കാലിക നിയമനം, ആശാ വര്‍ക്കര്‍മാര്‍, പാചകക്കാര്‍, പോലിസ് റിക്രൂട്ട്‌മെന്റ്, മദ്‌റസ പരിഷ്‌കരണം എന്നീ വിഷയങ്ങളാവും പുതിയ പത്രികയില്‍ ഉള്‍പ്പെടുത്തുക
ലക്‌നോ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് കൂടുതല്‍ നേട്ടം കൊയ്യാന്‍ പ്രത്യേക പ്രകടന പത്രിക പുറത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചന. ദേശീയതലത്തില്‍ പുറത്തിറക്കിയ പ്രകടനപത്രികയ്ക്കു പുറമേയാണ് സംസ്ഥാനത്ത് നടപ്പാക്കുന്ന വാദ്ഗാനങ്ങള്‍ അടങ്ങിയ പുതിയ പ്രകടന പത്രിക പുറപ്പെടുവിക്കാനാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള നേതാക്കളുടെ തീരുമാനം. കരാര്‍ അധ്യാപകര്‍, പെന്‍ഷന്‍ പദ്ധതി പരിഷ്‌കരണം, താല്‍ക്കാലിക നിയമനം, ആശാ വര്‍ക്കര്‍മാര്‍, പാചകക്കാര്‍, പോലിസ് റിക്രൂട്ട്‌മെന്റ്, മദ്‌റസ പരിഷ്‌കരണം എന്നീ വിഷയങ്ങളാവും പുതിയ പത്രികയില്‍ ഉള്‍പ്പെടുത്തുക. ഇതിനു മുന്നോടിയായി വ്യത്യസ്ത മേഖലകളിലുള്ള പ്രതിനിധികളുമായി പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അജയ് കുമാര്‍ ലല്ലുവും കൂടിക്കാഴ്ച നടത്തുകയും പ്രശ്‌നപരിഹാരത്തിന് മുന്നിലുണ്ടാവുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് ദേശീയതലത്തില്‍ പ്രകടനപത്രിക പുറത്തിറക്കിയത്. മിനിമം വരുമാനം ഉറപ്പാക്കല്‍ പദ്ധതി ഉള്‍പ്പെടെയുള്ളവയായിരുന്നു പ്രധാന ആകര്‍ഷണം.