കുതിരക്കച്ചവടത്തിലൂടെ രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമം; മോദിക്ക് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ കത്ത്

കുതിരക്കച്ചവടത്തിന് പിന്നില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും ബിജെപിയിലെ മറ്റുചില നേതാക്കളുമാണ്. ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2020-07-22 19:17 GMT

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കുതിരക്കച്ചവടം നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിക്കുകയാണെന്നാരോപിച്ചാണ് മുഖ്യമന്ത്രി കത്തെഴുതിയിരിക്കുന്നത്. കുതിരക്കച്ചവടത്തിലൂടെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്.

പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് എത്രത്തോളം അറിയാമെന്നോ, തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്നോ തനിക്കറിയില്ല. 1985ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഭേഗദതിയിലൂടെ പാസാക്കിയ കൂറുമാറ്റ നിരോധന നിയമമെല്ലാം മറികടന്ന് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുളള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇത് പൊതുജനഭിപ്രായത്തെ അപമാനിക്കുകയും ഭരണഘടനാപരമായ മൂല്യങ്ങളെ പരസ്യമായി അവഹേളിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. കര്‍ണാടകയിലും മധ്യപ്രദേശിലും സംഭവിച്ചതിന് ഇതിന്റെ ഉദാഹരണങ്ങളാണ്.

കൊവിഡ് മഹാമാരിക്കിടയില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. എന്നാല്‍, ഈ സാഹചര്യത്തിലും രാജസ്ഥാനില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കമാണ് നടക്കുന്നത്. കുതിരക്കച്ചവടത്തിന് പിന്നില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും ബിജെപിയിലെ മറ്റുചില നേതാക്കളുമാണ്. ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.  

Tags:    

Similar News