വയനാട്ടില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ജനകീയ തിരച്ചിൽ പരിമിതപ്പെടുത്തി
കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ 11ാം ദിവസവും തിരച്ചില്‍ തുടരുന്നു. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ സാധാരണ തിരച്ചിന് പുറമെ, ജനകീയപങ്കാളിത്തത്തോടെ വെള്ളിയാഴ്ച പരിശോധന നടത്താനായിരുന്നു തീരുമാനം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനാല്‍ തിരച്ചിലിനെത്തുന്ന ആളുകളുടെ എണ്ണവും സമയവും പരിമിതപ്പെടുത്തി. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തിരച്ചില്‍ 11 മണിക്ക് അവസാനിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
തിരച്ചിലിനായി ബന്ധുക്കളും നാട്ടുകാരുമായ ഏകദേശം 190 പേരുടെ പട്ടിക ജില്ലാ ഭരണകൂടം നേരത്തേ തയ്യാറാക്കിയിരുന്നു. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെക്കൂടി ഉള്‍പ്പെടുത്തി ആറുമേഖലയാക്കി തിരച്ചില്‍ നടത്താനായിരുന്നു പദ്ധതി. എന്നാല്‍ വ്യാഴാഴ്ച രാത്രി 12 മണിയോടെ തിരച്ചില്‍ പരിമിതപ്പെടുത്തികൊണ്ടുള്ള തീരുമാനം വന്നു.
ഓരോ ക്യാമ്പുകളില്‍നിന്നും മൂന്ന് പേരെ മാത്രമേ തിരച്ചിലിനായി സര്‍ക്കാര്‍ വാഹനങ്ങളില്‍ ഉരുള്‍പൊട്ടല്‍ മേഖലകളിലേക്ക് എത്തിക്കൂ. കാണാതായവരുടെ അടുത്തബന്ധുക്കളെ ഒഴിവാക്കി ചെറുപ്പക്കാരയവരെ മാത്രമാവും ഇവിടേക്ക് പ്രവേശിക്കാന്‍ അനുവദിക്കുക. അതേസമയം, ജനകീയ പങ്കാളിത്തത്തോടെ വിപുലമായ തിരച്ചില്‍ ഞായറാഴ്ച നടത്താനാണ് ആലോചന.