വയനാട് ഉരുള്‍പ്പൊട്ടല്‍; മൂന്നാം ദിവസവും കൂട്ടസംസ്‌കാരം; തിരിച്ചറിയാത്ത 22 ശരീരഭാഗങ്ങള്‍ ഇന്ന് സംസ്‌കരിച്ചു

Update: 2024-08-06 15:33 GMT

കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത 22 പേരുടെ മൃതദേഹങ്ങള്‍ സര്‍വമതപ്രാര്‍ത്ഥനക്ക് ശേഷം ഇന്ന് സംസ്‌കരിച്ചു. പുത്തുമലയില്‍ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയിലാണ് സംസ്‌കാരം നടന്നത്. മണ്ണ് മാറ്റി നടത്തിയ തിരച്ചിലിലും ചാലിയാര്‍ പുഴയില്‍ നിന്നുമടക്കം ലഭിച്ച തിരിച്ചറിയാത്ത ശരീരഭാഗങ്ങളാണ് ഇന്ന് സംസ്‌കരിച്ചത്. പ്രത്യേക നമ്പര്‍ രേഖപ്പെടുത്തിയ ശേഷമാണ് സംസ്‌കാരം. ഇത് മൂന്നാം ദിവസമാണ് കൂട്ട സംസ്‌കാരം നടക്കുന്നത്.

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. ഇതുവരെ ദൗത്യം നടക്കാതിരുന്ന സണ്‍ റൈസ് വാലിയിലും ഇന്ന് തെരച്ചില്‍ നടന്നു. 81 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. സംസ്‌കാരത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കും.ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചാലിയാറില്‍ നേവിയുടെ സഹായത്തോടെ കൂടുതല്‍ പരിശോധന നടത്തും. ഡിഎന്‍എ പരിശോധന സ്വകാര്യ ലാബിലും നടത്താമോയെന്ന് പരിശോധിക്കും. ദുരിത ബാധിതരെ സ്‌കൂളിലെ ക്യാമ്പില്‍ നിന്ന് മറ്റ് സ്ഥലം കണ്ടെത്തി മാറ്റും. ദുരന്ത മേഖലയിലെ അപകടകരമായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റും. തെരച്ചിലില്‍ തുടര്‍ നടപടി ചീഫ് സെക്രട്ടറി സൈന്യവുമായി ആലോചിച്ചു ചെയ്യും. തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ട പരിഹാരം നല്‍കാന്‍ തദ്ദേശ വകുപ്പ് കണക്ക് എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.




Tags:    

Similar News