ജയ്പൂര്‍: നിരക്ഷരരായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഗതാഗത വകുപ്പിനോടു രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഡ്രൈവര്‍മാര്‍ക്കു അക്ഷരഭ്യാസമില്ലാത്തതു നിരവധി പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുവെന്നും ഇത്തരം ഡ്രൈവര്‍മാര്‍ കാല്‍നട യാത്രക്കാര്‍ക്കു വന്‍ഭീഷണിയാണു ഉയര്‍ത്തുന്നതെന്നും കാണിച്ചാണു ഹൈക്കോടതി ജസ്റ്റിസ് സജ്ഞീവ് പ്രകാശ് ശര്‍മയുടെ ഉത്തരവ്.
അക്ഷരാഭ്യാസമില്ലാത്തതിനാല്‍ ലൈസന്‍സ് നിഷേധിച്ചെന്നു കാണിച്ചു ഒരു ഗ്രാമീണന്‍ നല്‍കിയ പരാതി പരിഗണിച്ചാണു കോടതി നടപടി. പരാതിക്കാരനു ലൈസന്‍സു നല്‍കാത്ത അധികൃതരുടെ നടപടി അംഗീകരിച്ച കോടതി, നേരത്തെ ലൈസന്‍സ് നല്‍കിയ നിരക്ഷരരായ വ്യക്തികളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
യാത്രക്കിടയിലെ സൂചനാ ബോര്‍ഡുകളും നിര്‍ദേശങ്ങളും വായിച്ചു മനസ്സിലാക്കാന്‍ നിരക്ഷരരായ ഡ്രൈവര്‍മാര്‍ക്കു സാധിക്കുന്നില്ലെന്നും ഇതുമൂലം നിരവധി അപകടങ്ങളാണ് ഗതാഗത മേഖലയില്‍ ഉണ്ടാവുന്നതെന്നും കോടതി നിരീക്ഷിച്ചു.
വിഷയത്തില്‍ നടപടി കൈക്കൊള്ളാനും ഒരു മാസത്തിനകം റിപോര്‍ട്ടു നല്‍കാനും ഗതാഗത വകുപ്പിനോടു കോടതി നിര്‍ദേശിച്ചു.