രാംദേവിന്റെ പതഞ്ജലിക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ്: ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ്(എം) നേതാവിനെതിരേ ആരോപണം

തങ്ങള്‍ പതഞ്ജലിയുടെ എല്ലാ ഉല്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും ഗോമൂത്രം ചേര്‍ക്കാത്ത പതഞ്ജലി ഉല്പന്നങ്ങള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നുമാണ് ട്രസ്റ്റ് നേതാക്കളുടെ നിലപാട്.

Update: 2020-04-30 19:01 GMT

ന്യൂഡല്‍ഹി: രാംദേവിന്റെ പതഞ്ജലി ഉല്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മഹ്മൂദ് മദനി നയിക്കുന്ന ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് നെതിരേ ആരോപണം. രാംദേവിന്റെ ഉല്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക വഴി സംഘടന ധാരാളം പണം കൈക്കലാക്കിയെന്നാണ് എതിര്‍പക്ഷം ആരോപിക്കുന്നത്. പതഞ്ജലിയുടെ ഉല്പന്നങ്ങളില്‍ ഗോമൂത്രം ഉപയോഗിക്കുന്നുണ്ടെന്നും ഇത്തരം ഉല്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക വഴി രാംദേവിന്റെ ആര്‍എസ്എസ്, സര്‍ക്കാര്‍ അനുകൂല നിലപാടുകളെ ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദിന് കീഴിലുഉള്ള ഹലാല്‍ ട്രസ്റ്റ് വെള്ളപൂശുകയാണെന്നും വാദമുയര്‍ന്നിട്ടുണ്ട്.

എന്നാല്‍, തങ്ങള്‍ പതഞ്ജലിയുടെ എല്ലാ ഉല്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും ഗോമൂത്രം ചേര്‍ക്കാത്ത പതഞ്ജലി ഉല്പന്നങ്ങള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നുമാണ് ട്രസ്റ്റ് നേതാക്കളുടെ നിലപാട്. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തങ്ങള്‍ക്ക് കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന ഹലാല്‍ ഓഡിറ്റ് സംവിധാനമുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. ഇതുസംബന്ധിച്ച് നിരവധി വിമര്‍ശനങ്ങളാണ് ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദിന്റെ ഇരുവിഭാഗങ്ങള്‍ക്കെതിരേയും ഉയര്‍ന്നുവന്നിട്ടുളളത്. സോഷ്യല്‍ മീഡിയയിലും പ്രചാരണം ശക്തമാണ്. മുസ്ലിം സമൂഹത്തിന്റെ താല്‍പര്യങ്ങളെ രണ്ടുകൂട്ടരും ഹനിക്കുകയാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് നേതാവ് അര്‍ഷദ് മദനി ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനു നല്‍കിയ പിന്തുണയാണ് ചിലര്‍ എടുത്തുകാട്ടുന്നത്. രാംദേവ് ഒരു മുസ്ലിം വിരുദ്ധനാണെന്നും ഭരണപക്ഷത്തിന്റെ സഹയാത്രികനാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക ലോകത്തേക്ക് പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പതഞ്ജലി ഉല്പന്നങ്ങളെ കയറ്റുമതി ചെയ്യുന്നതിനുള്ള നീക്കമാണ് ഹലാല്‍ സര്‍ട്ടിഫിക്കേറ്റെന്നാണ് പ്രധാന ആരോപണം. ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പറയുന്നത് രാംദേവ് വിഭാഗം തങ്ങളെയാണ് ആദ്യം സമീപിച്ചതെന്നും തങ്ങളത് നിരസിക്കുകയായിരുന്നുവെന്നുമാണ്.

'അവര്‍ (പതഞ്ജലി ഗ്രൂപ്പ്) ആദ്യം ഞങ്ങളെ സമീപിക്കുകയും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് തരാമോ എന്ന് അന്വേഷിക്കുകയും ചെയ്തു. പക്ഷേ, ഞങ്ങള്‍ നിരസിച്ചു' ഫൗണ്ടേഷന്‍ പ്രവര്‍ത്തകന്‍ മൗലാന ഗുല്‍സാര്‍ ആസ്മി പറയുന്നു. അതുകൊണ്ടാണ് പതഞ്ജലി ഗ്രൂപ്പ് മഹ്മൂദ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഹലാല്‍ ട്രസ്റ്റിലേക്ക് പോയതെന്ന് ഗുല്‍സാര്‍ അസ്മി പറയുന്നു. മോദി സര്‍ക്കാരുമായുള്ള അവരുടെ ബന്ധം രഹസ്യമല്ലെന്ന് മൗലാന അസ്മി പറയുന്നു. 100 വര്‍ഷം പഴക്കമുള്ള സംഘടനയില്‍ 2007ലാണ് പിളര്‍പ്പുണ്ടായത്. അതിനുശേഷം അര്‍ഷദ് മദനി വിഭാഗം ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് ഹലാല്‍ കമ്മിറ്റിക്കു അര്‍ഷദ് മദനി വിഭാഗം ജംഇയ്യത്തു ഹലാല്‍ ഫൗണ്ടേഷന്‍ (ജുഎച്ച്എഫ്) എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. 

Tags:    

Similar News