യുപിയില്‍ റിപബ്ലിക് ദിന പരേഡിലെ നിശ്ചലദൃശ്യങ്ങളില്‍ അയോധ്യയും രാമക്ഷേത്ര മാതൃകയും
പരേഡിന്റെ റിഹേഴ്‌സലിന്റെ ഭാഗമായുള്ള പരിശീലനത്തിനിടയിലാണ് ഉത്തര്‍പ്രദേശിന്റെ നിശ്ചലദൃശ്യം രാമക്ഷേത്രമാണെന്ന് വ്യക്തമായത്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന ചടങ്ങിലും രാമക്ഷേത്രനിര്‍മാണം സജീവമായി ചര്‍ച്ചയാക്കുകയെന്നതാണ് ഇതിലൂടെ സംഘപരിവാരം ലക്ഷ്യമിടുന്നത്.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജനുവരി 26ന് രാജ്പഥില്‍ നടക്കുന്ന റിപബ്ലിക് ദിന പരേഡ് റാലിയില്‍ പ്രദര്‍ശിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളുടെ പട്ടികയില്‍ അയോധ്യയുടെ പൈതൃകവും അയോധ്യയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃകയും. പരേഡിന്റെ റിഹേഴ്‌സലിന്റെ ഭാഗമായുള്ള പരിശീലനത്തിനിടയിലാണ് ഉത്തര്‍പ്രദേശിന്റെ നിശ്ചലദൃശ്യം രാമക്ഷേത്രമാണെന്ന് വ്യക്തമായത്. വെള്ളിയാഴ്ച ഡല്‍ഹി കന്റോണ്‍മെന്റിലെ റിപബ്ലിക് ദിന സാംസ്‌കാരിക ക്യാംപില്‍ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെയുള്ളയുടെ പരേഡിന്റെ റിഹേഴ്‌സലാണ് നടന്നത്.
റിപബ്ലിക് ദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന ചടങ്ങിലും രാമക്ഷേത്രനിര്‍മാണം സജീവമായി ചര്‍ച്ചയാക്കുകയെന്നതാണ് ഇതിലൂടെ സംഘപരിവാരം ലക്ഷ്യമിടുന്നത്. രാമായണ ഇതിഹാസത്തിലെ വിവിധ കഥകള്‍, ശ്രീരാമന്‍, സീത എന്നിവരുമായി ബന്ധപ്പെട്ട സംസ്‌കാരം, പാരമ്പര്യം, കല, നൃത്ത ദൃശ്യങ്ങള്‍ എന്നിവയുടെയും പ്രദര്‍ശനമുണ്ടാവും. 'ഹെറിറ്റേജ് ഓഫ് ഉത്തര്‍പ്രദേശ് ' റിപബ്ലിക് ദിന പരേഡിനായി സംസ്ഥാന സര്‍ക്കാരിലെ സാംസ്‌കാരിക വകുപ്പാണ് തയ്യാറാക്കുന്നത്.
വാത്മീകിയുടെ പ്രതിമയായിരിക്കും ടാബ്ലോയുടെ മുന്നിലുണ്ടാവുക. ദീപാവലി ദിനത്തില്‍ യുപിയില്‍ കൊളുത്തിയ റെക്കോര്‍ഡ് ദീപാലങ്കാരത്തിന്റെ മാതൃകയും നിശ്ചലദൃശ്യങ്ങള്‍ക്കൊപ്പമുണ്ടാവും. രാമക്ഷേത്രത്തിന്റെ മാതൃക പിന്നിലായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. അയോധ്യ ഞങ്ങളുടെ പുണ്യസ്ഥലമാണ്. രാമക്ഷേത്രം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. പട്ടികയില്‍ പട്ടണത്തിന്റെ പുരാതന പൈതൃകം പ്രദര്‍ശിപ്പിക്കും.
രാജ്യമെമ്പാടുമുള്ള അസംഖ്യം ആളുകള്‍ ഇതിനെ ബഹുമാനിക്കുന്നു- ടാബ്ലോ ടീമിനെ നയിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍നിന്നുള്ള ഔദ്യോഗസ്ഥന്‍ പ്രതികരിച്ചു. അയോധ്യയും അതിന്റെ പൈതൃകവും പ്രദര്‍ശിപ്പിക്കുമെന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് നിശ്ചലദൃശ്യത്തില്‍ രാമന്റെ വേഷമിടുന്ന അജയ്കുമാര്‍ പറഞ്ഞു. കഴിഞ്ഞ ആഗസ്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ 'ഭൂമി പൂജ' നടത്തിയത്. രാമക്ഷേത്രം 2023 ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.