ട്രാക്ടര്‍ റാലിയെക്കുറിച്ചുള്ള ട്വീറ്റ്: ശശി തരൂരിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ ഹരിയാനയിലും കേസ്
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കുശേഷം ഇവര്‍ക്കെതിരേ കേസെടുക്കുന്ന ബിജെപി ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഹരിയാന. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാ ലോചന, ശത്രുത വളര്‍ത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലിയ്ക്കിടയില്‍ കൊല്ലപ്പെട്ട കര്‍ഷകനെക്കുറിച്ചുള്ള ട്വീറ്റിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് യുമായ ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ ഹരിയാന പോലിസും കേസ് രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കുശേഷം ഇവര്‍ക്കെതിരേ കേസെടുക്കുന്ന ബിജെപി ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഹരിയാന. ശശി തരൂര്‍ എംപി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പിലെ രാജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ (നാഷനല്‍ ഹെറാള്‍ഡ്), സഫാര്‍ ആഗ (ക്വാമി ആവാസ്), വിനോദ് കെ ജോസ്, പരേശ് നാഥ് (കാരവന്‍) തുടങ്ങിയവര്‍ക്കെതിരേയാണ് ഹരിയാന ഗുരുഗ്രാം സൈബര്‍ സെല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നും സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നുമാരോപിച്ച് ഹരിയാന ഗുരുഗ്രാം ജാര്‍സ സ്വദേശിയായ മഹാബീര്‍ സിങ് നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് പോലിസ് അറിയിച്ചു. ഇവരുടെ നടപടികള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഗുരുതരമായ മുന്‍വിധികളുണ്ടാക്കിയെന്നും ജനുവരി 26ന് അപകീര്‍ത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപിപ്പിക്കുന്നതുമായ ട്വീറ്റുകള്‍ പോസ്റ്റുചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു. 124 എ, 153 എ, 153 ബി, 505 (2), 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പോലിസ് വ്യക്തമാക്കി.
രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാ ലോചന, ശത്രുത വളര്‍ത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ദൃക്‌സാക്ഷികളില്‍നിന്നും പോലിസില്‍നിന്നും ലഭിച്ച റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ നല്‍കിയതെന്ന് കേസെടുത്ത നടപടിയോട് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ എല്ലാ വിവരങ്ങളും റിപോര്‍ട്ട് ചെയ്യുന്നത് സ്വാഭാവികമാണ്. പത്രപ്രവര്‍ത്തനത്തിന്റെ ശൈലിയുടെ ഭാഗമാണിതെന്നും എഡിറ്റേഴ്‌സ് ഹില്‍ഡ് വ്യക്തമാക്കി. ഭോപാലിലെ സഞ്ജയ് രഘുവംശി നല്‍കിയ പരാതിയിലാണ് മധ്യപ്രദേശ് പോലിസ് ശശി തരൂര്‍ അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്തത്. അര്‍പിത് മിശ്ര എന്നയാളുടെ പരാതിയിലാണ് യുപി പോലിസിന്റെ നടപടി. എല്ലാ സംസ്ഥാനങ്ങളും ഇവര്‍ക്കെതിരേ സമാനമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.