നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടു'; ഹിമാചല്‍ ബിജെപി എംഎല്‍എക്കെതിരെ പരാതിയുമായി പാര്‍ട്ടി പ്രവര്‍ത്തകന്റെ മകള്‍
ഷിംല: യുവതിയുടെ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുകയും അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത സംഭവത്തില്‍ ബിജെപി എംഎല്‍എക്കെതിരെ കേസെടുത്ത് പോലിസ്. ഹിമാചല്‍പ്രദേശ് ബിജെപി എംഎല്‍എ ഹന്‍സ് രാജിനെതിരെയാണ് പോലിസ് കേസെടുത്തത്. ബിജെപി പ്രവര്‍ത്തകന്റെ മകളായ ഇരുപതുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ബിജെപി സംസ്ഥാന ഘടകം വൈസ് പ്രസിഡന്റും മുന്‍ ഡപ്യൂട്ടി സ്പീക്കറുമായ ഹന്‍സ് രാജിനെതിരെ കഴിഞ്ഞ ഒമ്പതിനാണ് യുവതി പരാതി നല്‍കുന്നത്. ചമ്പയിലെ വനിതാ പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സംഭവം തിങ്കളാഴ്ചയാണ് പുറത്തുവരുന്നത്. മണിക്കൂറുകള്‍ക്ക് ശേഷം മാനസിക സമ്മര്‍ദത്താലും ചിലരുടെ പ്രേരണയാലുമാണ് കേസ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ഫേസ്ബുക്കില്‍ ലൈവ് ചെയ്തിരുന്നു. അതേസമയം പ്രാദേശിക മജിസ്ട്രേറ്റിന് മുന്നില്‍ സിആര്‍പിസി 164ാം വകുപ്പ് പ്രകാരം യുവതി മൊഴി രേഖപ്പെടുത്തിയതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഹന്‍സ് രാജ് തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ഒറ്റയ്ക്ക് കാണാന്‍ നിര്‍ബന്ധിച്ചതായും നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു. പിതാവ് ബിജെപിയുടെ ബൂത്ത് ലെവല്‍ നേതാവാണ്. തന്റെ പക്കല്‍ രണ്ട് സെല്‍ഫോണുകള്‍ ഉണ്ടെന്നും അതിലൊന്ന് എംഎല്‍എയും കൂട്ടാളികളും ചേര്‍ന്ന് നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. തനിക്കും കുടുംബത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട പെണ്‍കുട്ടി എംഎല്‍എ തെളിവുകള്‍ സശിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും പറഞ്ഞു.
അതേസമയം വിഷയം ഗൗരവതരമാണെന്നും വിശദമായ അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവും ഹിമാചല്‍ പ്രദേശിലെ പ്രതിപക്ഷ നേതാവുമായ ജയ് റാം താക്കൂര്‍ പറഞ്ഞു. വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.