ന്യൂഡല്‍ഹി: രാഷ്ട്രീയ ലോക്ദള്‍ ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ചൗധരി അജിത് സിങ് (82) കൊവിഡ് ബാധിച്ച് മരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച മുതല്‍ അദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളാവുകയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഏപ്രില്‍ 20നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.
അജിത് സിങ്ങിന്റെ മകനും മുന്‍ എംപിയുമായ ജയന്ത് ചൗധരിയാണ് സോഷ്യല്‍ മീഡിയ വഴി മരണവിവരം പുറത്തുവിട്ടത്. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന്റെ മകനാണ്. ഏഴുവര്‍ഷം അദ്ദേഹം എംപിയായും കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചു. നരസിംഹ റാവു മന്ത്രിസഭയിലും 2001 മുതല്‍ 2003 വരെ വാജ്‌പേയ് മന്ത്രിസഭയില്‍ കാര്‍ഷി വകുപ്പും 2011ലെ യുപിഎ മന്ത്രിസഭയില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പും കൈകാര്യം ചെയ്തു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസാഫര്‍നഗറില്‍നിന്ന് മല്‍സരിച്ചെങ്കിലും തോല്‍വി ഏറ്റുവാങ്ങി. പടിഞ്ഞാറന്‍ യുപിയില്‍ ചൗധരി അജിത് സിങ്ങിനെ ഒരു പ്രധാന ജാട്ട് നേതാവായാണ് കണക്കാക്കിയിരുന്നത്. ഖരഗ്പൂരില്‍നിന്നാണ് ചൗധരി അജിത് സിങ് ബിടെക് ബിരുദമെടുത്തത്. കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം 1960 കളില്‍ ഐബിഎമ്മില്‍ പ്രവര്‍ത്തിച്ച ആദ്യത്തെ ഇന്ത്യക്കാരില്‍ ഒരാളായിരുന്നു.