ഗുജറാത്തില്‍ മുന്‍ കേന്ദ്രമന്ത്രി എം ബി വാസവ ബിജെപിയില്‍നിന്ന് രാജിവച്ചു

പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തില്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ ഭറൂച്ചില്‍നിന്ന് ആറുതവണ എംപിയായി വിജയിച്ചിട്ടുള്ളയാളാണ് എം ബി വാസവ. സംസ്ഥാനത്തെ ബിജെപി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയാണ് രാജിയ്ക്ക് പിന്നിലെന്നാണ് റിപോര്‍ട്ടുകള്‍.

Update: 2020-12-29 10:07 GMT

ഗാന്ധിനഗര്‍: നരേന്ദ്രമോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന ഗുജറാത്തില്‍നിന്നുള്ള മന്‍സുഖ് ഭായ് വാസവ ബിജെപിയില്‍നിന്ന് രാജിവച്ചു. പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തില്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ ഭറൂച്ചില്‍നിന്ന് ആറുതവണ എംപിയായി വിജയിച്ചിട്ടുള്ളയാളാണ് എം ബി വാസവ. സംസ്ഥാനത്തെ ബിജെപി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയാണ് രാജിയ്ക്ക് പിന്നിലെന്നാണ് റിപോര്‍ട്ടുകള്‍. ഞാന്‍ പാര്‍ട്ടിയുടെ വിശ്വസ്തനാണെന്നും പാര്‍ട്ടിയുടെ മൂല്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഗുജറാത്ത് ബിജെപി പ്രസിഡന്റ് സി ആര്‍ പാട്ടീലിന് അയച്ച കത്തില്‍ വാസവ പറഞ്ഞു.

എങ്കിലും ഞാന്‍ ഒരു മനുഷ്യനാണ്. ഒരു മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ തെറ്റുകള്‍ വരുത്തുന്നു. എന്റെ തെറ്റ് പാര്‍ട്ടിക്ക് നാശമുണ്ടാക്കാതിരിക്കാന്‍ ഞാന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കുകയാണ്. ബജറ്റ് സെഷനില്‍ ഞാന്‍ സ്പീക്കറെ നേരിട്ടുകാണുകയും ലോക്‌സഭാ അംഗത്വത്തില്‍നിന്നുള്ള രാജി അദ്ദേഹത്തിന് കൈമാറുകയും ചെയ്യും. ദയവായി ഈ തീരുമാനം കേന്ദ്രനേതൃത്വത്തെ അറിയിക്കുക- അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. വാസവ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയങ്ങളില്‍ പാര്‍ട്ടി കാര്യമായ ഇടപെടലുകള്‍ നടത്താതിരിക്കുകയും പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.

സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. അടുത്തിടെ തന്റെ മണ്ഡലവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ വാസവ ഉന്നയിക്കുന്നുണ്ട്. നര്‍മദ ജില്ലയിലെ 121 ഗ്രാമങ്ങളെ പരിസ്ഥിതി ലോലമേഖലയായി പ്രഖ്യാപിച്ച വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വാസവ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു. വാസവയുടെ നീക്കം സമ്മര്‍ദതന്ത്രങ്ങളാവാമെന്നും ചര്‍ച്ചകളുയരുന്നുണ്ട്.

സാമൂഹികമാധ്യമം വഴി പാര്‍ട്ടിക്ക് രാജിക്കത്ത് ലഭിച്ചതായി ബിജെപി സംസ്ഥാന വക്താവ് ഭരത് പാണ്ഡ്യയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ബിജെപി പ്രസിഡന്റ് പാട്ടീല്‍ അദ്ദേഹത്തോട് സംസാരിക്കുകയും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. വാസവ ഗുജറാത്തില്‍നിന്നുള്ള മുതിര്‍ന്ന എംപിയാണ്. അദ്ദേഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഞങ്ങള്‍ പരിഹരിക്കുമെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News