സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസ് വിധി പറയാന്‍ മാറ്റി

വ്യാഴാഴ്ച ഹരിയാനയിലെ പഞ്ചകുള എന്‍ഐഎ കോടതി കേസില്‍ വിധി പറയും. ഇന്ന് കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍ പൗരയായ ഇരയുടെ മകള്‍ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് വിധി പറയുന്നത് മാറ്റിയത്. ഈമാസം 14ന് കേസ് പരിഗണിക്കുമ്പോള്‍ ഹരജിക്കാരി അപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

Update: 2019-03-11 14:23 GMT

ഹരിയാന: സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ വിധി പറയുന്നത് മാറ്റിവച്ചു. വ്യാഴാഴ്ച ഹരിയാനയിലെ പഞ്ചകുള പ്രത്യേക എന്‍ഐഎ കോടതി കേസില്‍ വിധി പറയും. ഇന്ന് കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍ പൗരയായ ഇരയുടെ മകള്‍ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് വിധി പറയുന്നത് മാറ്റിയത്. ഈമാസം 14ന് കേസ് പരിഗണിക്കുമ്പോള്‍ ഹരജിക്കാരി അപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

ഇന്ത്യയില്‍ നടക്കുന്ന കേസ് നടപടികളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ സ്‌ഫോടനത്തിലെ ദൃക്‌സാക്ഷികളായ പാകിസ്ഥാനികള്‍ക്കുവേണ്ടിയാണ് താന്‍ അപേക്ഷ സമര്‍പ്പിക്കുന്നതെന്ന് ഹരജിക്കാരി ചൂണ്ടിക്കാട്ടി. പലര്‍ക്കും സമന്‍സ് കിട്ടിയെങ്കിലും വിസ നിഷേധിച്ചതിനാലാണ് ആര്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ കഴിയാതിരുന്നത്. 2007 ഫെബ്രുവരി 18ന് പുലര്‍ച്ചെ ലാഹോറിനും ഡല്‍ഹിക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 68 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണമടഞ്ഞവരില്‍ കൂടുതലാളുകളും പാകിസ്താനില്‍നിന്നുള്ളവരും ഇന്ത്യയില്‍നിന്നുള്ള ട്രെയിന്‍സുരക്ഷാ സേനാനികളുമായിരുന്നു. സിമി പ്രവര്‍ത്തകരാണ് സ്‌ഫോടനത്തിന് പിന്നിലെന്നായിരുന്നു ആദ്യം പോലിസ് പറഞ്ഞിരുന്നത്.

എന്നാല്‍, 2010ല്‍ തീവ്രഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരത് നേതാവ് സ്വാമി അസീമാനന്ദ ഉള്‍പ്പടെയുള്ളവരെ കേസില്‍ എന്‍ഐഎ അറസ്റ്റുചെയ്തു. ഹിന്ദുത്വസംഘടനകളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതമൊഴി പുറത്തുവന്നത് കേസില്‍ വഴിത്തിരിവായി. സുനില്‍ ജോഷി, രാമചന്ദ്ര കല്‍സാംഗാര, സന്ദീപ് ഡാങ്കെ, ലോകേഷ് ശര്‍മ, കമാല്‍ ചൗഹാന്‍ എന്നിവര്‍ കേസില്‍ പങ്കാളികളാണെന്നും എന്‍ഐഎ കണ്ടെത്തി. ഇന്ന് വിധി പ്രഖ്യാപിക്കുന്നതിനാല്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായിയിരുന്നു. കേസില്‍ ആകെ 290 സാക്ഷികളാണുണ്ടായിരുന്നത്. 13 പാകിസ്ഥാനികള്‍ കോടതിയില്‍ ഹാജരായില്ല. 30 പേര്‍ പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറി. 

Tags:    

Similar News