സംഝോത സ്‌ഫോടനം: മുഴുവന്‍ പ്രതികളെയും വിട്ടയച്ചത് നീതിന്യായ സംവിധാനത്തിന് അപഹാസ്യമെന്ന് പോപുലര്‍ ഫ്രണ്ട്

ഈ കേസില്‍ നടത്തിയിരിക്കുന്ന സംശയാസ്പദമായ ഇടപെടലോടെ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) സര്‍ക്കാര്‍ സമ്മര്‍ദത്തിന് കീഴടങ്ങുന്ന പക്ഷപാതിത്വമുള്ള ഏജന്‍സിയാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സംഝോത എക്‌സ്പ്രസ്സില്‍ 12 വര്‍ഷം മുമ്പ് 68 നിരപരാധികള്‍ കൊല്ലപ്പെടാനിടയാക്കിയ, ഹിന്ദുത്വഭീകരര്‍ നടത്തിയ സ്‌ഫോടനം ഇന്ത്യയിലെതന്നെ ജീവനാശകരമായ സ്‌ഫോടനങ്ങളിലൊന്നാണ്.

Update: 2019-03-21 18:43 GMT

എന്‍ഐഎയുടെ പക്ഷപാതം വീണ്ടും തെളിഞ്ഞിരിക്കുന്നു

ന്യൂഡല്‍ഹി: സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയെയും മറ്റ് മൂന്ന് പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള എന്‍ഐഎ കോടതിയുടെ ഉത്തരവ് നീതിന്യായസംവിധാനത്തിന് അപഹാസ്യമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. ഈ കേസില്‍ നടത്തിയിരിക്കുന്ന സംശയാസ്പദമായ ഇടപെടലോടെ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) സര്‍ക്കാര്‍ സമ്മര്‍ദത്തിന് കീഴടങ്ങുന്ന പക്ഷപാതിത്വമുള്ള ഏജന്‍സിയാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സംഝോത എക്‌സ്പ്രസ്സില്‍ 12 വര്‍ഷം മുമ്പ് 68 നിരപരാധികള്‍ കൊല്ലപ്പെടാനിടയാക്കിയ, ഹിന്ദുത്വഭീകരര്‍ നടത്തിയ സ്‌ഫോടനം ഇന്ത്യയിലെതന്നെ ജീവനാശകരമായ സ്‌ഫോടനങ്ങളിലൊന്നാണ്.

മജിസ്‌ട്രേറ്റിനു മുമ്പാകെ കുറ്റസമ്മതം നടത്തിയിട്ടും അസീമാനന്ദയ്ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടുവെന്ന വസ്തുത ഈ ഏജന്‍സിയുടെ കാര്യശേഷിയിലും വിശ്വാസ്യതയിലും സംശയമുയര്‍ത്തുകയാണ്. അജ്മീര്‍ ശരീഫ്, ഹൈദരാബാദിലെ മക്ക മസ്ജിദ്, മലേഗാവ് തുടങ്ങിയ ഹിന്ദുത്വഭീകരാക്രമണ കേസുകളില്‍ അദ്ദേഹത്തെയും മറ്റു ചിലരെയും എന്‍ഐഎ മുമ്പ് കുറ്റവിമുക്തരാക്കിയിരുന്നു. മുസ്‌ലിം നാമധാരികള്‍ ഉള്‍പ്പെട്ട കേസുകളില്‍ കാണിക്കുന്ന താല്‍പര്യം ഇത്തരം കേസുകളിലെ കുറ്റവാളികള്‍ക്കെതിരേ തെളിവുകള്‍ ശേഖരിക്കുന്നതില്‍ എന്‍ഐഎ കാണിച്ചിരുന്നില്ല. രാജ്യത്ത് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടത്തുന്ന ഇടപെടലുകള്‍ മതത്തിന്റെ അടിസ്ഥാനത്തിലാണ് എന്നതിന് ഉദാഹരണമാണ് ഇത്തരം കേസുകള്‍.

മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ട ചില സ്‌ഫോടനക്കേസുകളില്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നമ്മുടെ കോടതി ഉല്‍സുകരായിരുന്നു. സമാനമായ ഗോധ്ര ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തരം തടവുശിക്ഷ വിധിച്ച അതേ ദിവസമാണ് സംഝോത കേസിലെ പ്രതികളെയും വെറുതെ വിട്ടിരിക്കുന്നതെന്ന് ഇ അബൂബക്കര്‍ ഓര്‍മപ്പെടുത്തി. ഇത്തരം ഇരട്ടത്താപ്പിന്റെ കാരണം പ്രോസിക്യൂഷന്റെ മനോഭാവത്തിലുള്ള വ്യത്യാസമാണെങ്കിലും ഇത് രാജ്യത്തെ നീതിന്യായവകുപ്പിന് നാണക്കേടുണ്ടാക്കുന്നതാണ്. തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ബിജെപി ഇതരപാര്‍ട്ടികള്‍ സംഝോത സ്‌ഫോടനക്കേസ് വിധിയെപ്പറ്റി അഭിപ്രായം പ്രകടിപ്പിക്കണം. എന്‍ഐഎയുടെ ഇരട്ടത്താപ്പ് ഒരിക്കല്‍ക്കൂടി വെളിപ്പെട്ട സാഹചര്യത്തില്‍ അധികാരത്തിലെത്തിയാല്‍ ഈ ഏജന്‍സിയെ പിരിച്ചുവിടുന്നതില്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടിക്കളും നിലപാട് വ്യക്തമാക്കണമെന്നും ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News