എല്ലാ വിവി പാറ്റുകളും എണ്ണണമെന്ന ഹരജി തള്ളി; ഇഷ്ടമുള്ള സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂ- സുപ്രിംകോടതി

ചെന്നൈയില്‍നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.

Update: 2019-05-21 06:36 GMT

ന്യൂഡല്‍ഹി: നൂറുശതമാനം വിവി പാറ്റുകളും എണ്ണണമെന്ന ഹരജി സുപ്രിംകോടതി തള്ളി. ചെന്നൈയില്‍നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ നല്‍കിയ ഹരജിയാണ് തള്ളിയത്. ഇഷ്ടമുള്ള സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂവെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സുപ്രിംകോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ മാറ്റംവരുത്താനാവില്ല. ഇത് അസംബന്ധമാണ്.

ഹരജിക്കാര്‍ ശല്യപ്പെടുത്തുകയാണെന്നും കോടതി കുറ്റപ്പെടുത്തി. വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ കഴിയുമെന്നും അതുകൊണ്ട് മുഴുവന്‍ വിവി പാറ്റ് രസീതുകളും എണ്ണണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. യന്ത്രങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള ക്രമക്കേടിന്റെ വിശദാംശങ്ങളും ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഹരജിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വിലയിരുത്തി ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് എം ആര്‍ ഷാ അടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. നേരത്തെ 50 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു വിവി പാറ്റ് രസീതുകള്‍ എണ്ണാമെന്നായിരുന്നു കോടതി ഉത്തരവ്. പുനപ്പരിശോധന ഹരജി നല്‍കിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.

Tags:    

Similar News