കേരളത്തിലെ കനത്ത തോല്‍വി: സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന്
എകെജി സെന്ററില്‍ രാവിലെ 10.30നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുക. സിപിഐ ആസ്ഥാനമായ എം എന്‍ സ്മാരകത്തിലാണ് സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണം കണ്ടെത്താന്‍ സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് ചേരും. എകെജി സെന്ററില്‍ രാവിലെ 10.30നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുക. സിപിഐ ആസ്ഥാനമായ എം എന്‍ സ്മാരകത്തിലാണ് സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം.
കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാഥമിക വിലയിരുത്തലാവും നേതൃയോഗങ്ങളിലുണ്ടാവുക. ഇതിനുശേഷം വിശദമായ പരിശോധനകളിലേക്ക് പാര്‍ട്ടി കടക്കും. ഓരോ ബൂത്തിലും കണക്കുതെറ്റാത്ത വോട്ടുകള്‍ സമാഹരിക്കണമെന്നതായിരുന്നു ബൂത്തുതല ഭാരവാഹികള്‍ക്ക് സിപിഎം നേതൃത്വം നല്‍കിയ നിര്‍ദേശം. പാര്‍ട്ടി കോട്ടകളില്‍പ്പോലും യുഡിഎഫിന് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം, സ്ത്രീകള്‍ കൂടുതലായി വോട്ടുചെയ്ത സ്ഥലങ്ങളില്‍ വന്‍ തിരിച്ചടി, ന്യൂനപക്ഷ, ഭൂരിപക്ഷ വോട്ടര്‍മാര്‍ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള സാഹചര്യം ഇതെല്ലാം ശബരിമല വിഷയത്തില്‍ സിപിഎമ്മും സര്‍ക്കാരും കാണിച്ച തിടുക്കം തിരിച്ചടിച്ചതാണെന്ന് ചില നേതാക്കള്‍ സമ്മതിക്കുന്നുണ്ട്.
എക്‌സിറ്റ് പോള്‍ ഫലം വന്നയുടന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇത് പരസ്യമായി സൂചിപ്പിച്ചതാണ്. പക്ഷേ, മുഖ്യമന്ത്രി ഈ വാദം തള്ളിക്കളയുകയായിരുന്നു. വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍പ്പോലും സിറ്റിങ് എംപിമാര്‍ക്കുവരെ കാലിടറിയത് സിപിഎം നേതൃത്വത്തില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ബിജെപിക്കെതിരേ കേരളത്തിലുണ്ടായ വികാരം യുഡിഎഫിന് അനുകൂലമായി മാറിയതിനെക്കുറിച്ച് പ്രത്യേകം പരിശോധിക്കുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വലിയ പരാജയം അംഗീകരിക്കുന്നുവെന്നും പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും നയങ്ങളില്‍ എന്തെങ്കിലും തെറ്റുസംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതായും സിപിഐ പ്രധാനമായും ചര്‍ച്ച ചെയ്യുക. സി ദിവാകരനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ തുടക്കത്തില്‍തന്നെ അമര്‍ഷം ഉടലെടുത്തിരുന്നു. അതുകൊണ്ടുതന്നെ നിര്‍വാഹക സമിതിയില്‍ ദിവാകരനെതിരേ രൂക്ഷവിമര്‍ശനമുയരാനാണ് സാധ്യത.