ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം റദ്ദാക്കി
ചില പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയതെന്നാണ് വിശദീകരണം. ജൂണ്‍ ആറിന് ആരംഭിക്കുന്ന പാര്‍ലമെന്റ് സെഷനില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഇന്ന് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം റദ്ദാക്കി. ചില പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയതെന്നാണ് വിശദീകരണം. ജൂണ്‍ ആറിന് ആരംഭിക്കുന്ന പാര്‍ലമെന്റ് സെഷനില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നു. മാറ്റിവച്ച യോഗം ഇനി എന്നുചേരുമെന്നത് സംബന്ധിച്ച് ഇതുവരെ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും വിശദീകരണം നല്‍കിയിട്ടില്ല.
അതിനിടെ, ലോക്‌സഭാ പ്രതിപക്ഷ കക്ഷി, നേതൃസ്ഥാനങ്ങള്‍ ഉറപ്പിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും ലോക്‌സഭയില്‍ ലയിക്കുമെന്ന അഭ്യൂഹത്തിനിടയാക്കി ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും ശരദ് പവാറും കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ കക്ഷി പദവിക്ക് ആകെ അംഗസംഖ്യയുടെ 10 ശതമാനവും നേതൃപദവിക്ക് 55 സീറ്റും വേണം. കോണ്‍ഗ്രസിന് 52 അംഗങ്ങള്‍ മാത്രമാണ് ലോക്‌സഭയിലുള്ളത്. എന്നാല്‍, ലോക്‌സഭാ പ്രതിപക്ഷ നേതൃപദവി ഉറപ്പിക്കാന്‍ 55 അംഗങ്ങള്‍ വേണം. എന്‍സിപിക്ക് അഞ്ച് അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് ഇതിനായി കുറവുള്ള സീറ്റ് എന്‍സിപിയില്‍നിന്ന് ലഭിച്ചാല്‍ പ്രതിപക്ഷ നേതൃപദവി ഉറപ്പിക്കാനാവും.
സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുംകൂടി മുന്നില്‍കണ്ടാണ് നീക്കം. അതേസമയം, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇരുപാര്‍ട്ടികളും തയ്യാറായില്ല. മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പും വരള്‍ച്ചയുമാണ് ചര്‍ച്ച ചെയ്തതെന്ന് ശരദ് പവാര്‍ പിന്നീട് പ്രതികരിച്ചു. ഇരുപാര്‍ട്ടികളും തമ്മിലുള്ള ലയനത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കളും പറയുന്നത്. അതിനിടെ, ലോക്‌സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ നാളെ യോഗം ചേരുന്നുണ്ട്.