മലപ്പുറത്ത് ഇ ടി, പൊന്നാനിയില്‍ സമദാനി; മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മത്സരിക്കും. നിലവില്‍ എംപിമാരായ ഇരുവരും മണ്ഡലങ്ങള്‍ വച്ചുമാറുകയാണ് ചെയ്തത്. അതേസമയം, മുസ് ലിം ലീഗിന് മൂന്നാംസീറ്റ് നല്‍കിയിട്ടില്ല. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് കനി തന്നെയാണ് ഇത്തവണയും ജനവിധി തേടുക. മണ്ഡലങ്ങള്‍ പരസ്പരം വച്ചുമാറുമെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. പൊന്നാനിയില്‍ ഹാട്രിക് വിജയം നേടിയ ശേഷമാണ് ഇ ടി മുഹമ്മദ് ബഷീര്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് മാറുന്നത്. കെ കരുണാകരന്‍, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്ന ഇ ടി നാല് തവണ എംഎല്‍എയായിരുന്നു. മലപ്പുറം വാഴക്കാട് സ്വദേശിയായ ഇ ടി മുഹമ്മദ് ബഷീര്‍ 2009 മുതല്‍ ലോക്‌സഭയില്‍ പൊന്നാനിയെ പ്രതിനിധീകരിക്കുന്നുണ്ട്.
എഴുത്തുകാരനും പ്രാസംഗികനുമായ അബ്ദുസ്സമദ് സമദാനി മലപ്പുറത്തെ സിറ്റിങ് എംപിയാണ്. പതിനേഴാം ലോക്‌സഭാംഗമായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്നാണ് 2021ല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് അദ്ദേഹം എംപിയായത്. മലപ്പുറം കോട്ടക്കല്‍ സ്വദേശിയാണ്. 2011 മുതല്‍ 2016 വരെ നിയമസഭയിലും 1994 മുതല്‍ 2006 വരെ രാജ്യസഭയിലും അംഗമായിരുന്നു. അതേസമയം, തമിഴ്‌നാട്ടില്‍ മുസ്‌ലിം ലീഗിന്റെ ഏക ലോക്‌സഭാ അംഗമായ നവാസ് കനി തന്നെയാണ് രാമനാഥപുരത്ത് ഇത്തവണയും മല്‍സരിക്കുന്നത്.