അരുണാചല്‍പ്രദേശില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

Update: 2021-07-30 01:04 GMT

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. അരുണാചല്‍ പ്രദേശിലെ തിറാപ് ജില്ലയില്‍ സുരക്ഷാസേനകള്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് സായുധരെ വധിച്ചത്. നാഗാലാന്‍ഡ്- ഖാപ്ലാങ്ങിലെ നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സിലിന്റെ ഒരുവിഭാഗമായ എന്‍എസ്‌സിഎന്‍ (കെവൈഎ) യുടെ ഭാഗമായ സായുധരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസേനയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വന്‍ ആയുധശേഖരവും വെടിയുണ്ടകളും ഇവരില്‍നിന്നും പിടിച്ചെടുത്തു. സായുധരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഖാപ്ലാംഗിലെ കോട്ടം വനമേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തിയത്.

ജില്ലാ പോലിസിന്റെയും അസം റൈഫിള്‍സിലെ ഖോന്‍സ ബറ്റാലിയന്റെയും സംയുക്തസംഘം 10 മണിക്കൂര്‍ നടത്തിയ തിരച്ചിലിനുശേഷം അവരുടെ ഒളിത്താവളത്തിന്റെ കൃത്യമായ സ്ഥലം കണ്ടെത്തി. സായുധരോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും ഇവര്‍ സുരക്ഷാസേനയ്ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് സായുധര്‍ കൊല്ലപ്പെട്ടത്.

ഒരു എംക്യു സീരീസ് റൈഫിള്‍, ഒരു എം 16 റൈഫിള്‍, രണ്ട് നാടന്‍ തോക്കുകള്‍, ഒരു 9 എംഎം പിസ്റ്റള്‍, ഒരു ചൈനീസ് ഹാന്‍ഡ് ഗ്രനേഡ്, വെടിമരുന്ന്, മറ്റ് യുദ്ധസമാന സ്‌റ്റോറുകള്‍ രണ്ട് ഓട്ടോമാറ്റിക് ആക്രമണ റൈഫിളുകള്‍ എന്നിവയുള്‍പ്പെടെ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

സ്വയം പ്രഖ്യാപിത ക്യാപ്റ്റന്‍ റോക്കി ഥാപ്പയുടെ നേതൃത്വത്തിലുള്ള സംഘടനയിലെ പത്തോളം വിമതസംഘം കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് സജീവമായിരുന്നുവെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ജില്ലയിലെ ഖോന്‍സ, ഡിയോമാലി സര്‍ക്കിളുകള്‍ക്ക് കീഴിലുള്ള കൊല്ലം, ലോംലോ, കൊളഗാവ്, ലാംസ ഗ്രാമവാസികളില്‍നിന്ന് ഇവര്‍ പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News