ടിആര്‍പി തട്ടിപ്പുകേസ്: അര്‍നബിനെതിരേ ഗുരുതര തെളിവുകള്‍- ബോംബെ കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

ബോംബെ ഹൈക്കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കോണ്‍സലാണ് അര്‍നബിനെതിരേ ഗുരുതരമായ തെളിവുണ്ടെന്ന കാര്യം ബോധിപ്പിച്ചത്. തനിക്കെതിരേയുള്ള കുറ്റപത്രവും എഫ്‌ഐആറും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അര്‍നബ് കോടതിയില്‍ ഹരജി നല്‍കിയത്. ഇതില്‍ ജനുവരി 15നാണ് വാദം കേള്‍ക്കുന്നത്.

Update: 2021-01-07 10:30 GMT

മുംബൈ: ടിആര്‍പി റേറ്റിങ്ങില്‍ റിപബ്ലിക് ടിവി കൃത്രിമത്വം കാട്ടിയതുമായി ബന്ധപ്പെട്ട കേസില്‍ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നബ് ഗോസ്വാമിക്കെതിരേ ഗുരുതരമായ തെളിവുകളുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. അതിനാല്‍തന്നെ ശക്തമായ നടപടികള്‍ കൈക്കൊള്ളില്ലെന്ന് ഉറപ്പുനല്‍കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ബോംബെ ഹൈക്കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കോണ്‍സലാണ് അര്‍നബിനെതിരേ ഗുരുതരമായ തെളിവുണ്ടെന്ന കാര്യം ബോധിപ്പിച്ചത്. ജനുവരി 15 വരെ വലിയ നടപടികളിലേക്ക് കടക്കില്ലെന്നും കോണ്‍സല്‍ കോടതിയെ അറിയിച്ചു.

തനിക്കെതിരേയുള്ള കുറ്റപത്രവും എഫ്‌ഐആറും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അര്‍നബ് കോടതിയില്‍ ഹരജി നല്‍കിയത്. ഇതില്‍ ജനുവരി 15നാണ് വാദം കേള്‍ക്കുന്നത്. സര്‍ക്കാരിന്റെ വിശദീകരണം അംഗീകരിച്ച കോടതി, അര്‍നബിനെതിരായ ഇളവ് ജനുവരി 15 വരെ തുടരാനും തീരുമാനിച്ചു. അതേസമയം, മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി റിപബ്ലിക് ടിവി അഭിഭാഷകന്‍ അഡ്വ.നിരഞ്ജന്‍ മുണ്ടേര്‍ഗി രംഗത്തുവന്നു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ മുതിര്‍ന്ന കോണ്‍സല്‍ അര്‍നബിന്റെ കുടുംബത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

എന്നാല്‍, ടിവി റേറ്റിങ് ഏജന്‍സിയായ ബാര്‍ക്ക് തേടിയ ഫോറന്‍സിക് ഓഡിറ്റ് റിപോര്‍ട്ടില്‍തന്നെ കാര്യങ്ങള്‍ വ്യക്തമായി വെളിപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ഇപ്പോള്‍ നമ്മുടെ കൈയില്‍കുറച്ചുകൂടി ഗൗരവമായ തെളിവുകളാണുള്ളത്. അതിനാല്‍തന്നെ കേസില്‍ കോടതി സ്റ്റാറ്റസ് റിപോര്‍ട്ട് തേടേണ്ടതുണ്ട്- കപില്‍ സിബല്‍ കോടതിയോട് അഭ്യര്‍ഥിച്ചു. ടിആര്‍പി തട്ടിപ്പുകേസില്‍ അറസ്റ്റിലായ 12 പ്രതികള്‍ക്കെതിരേ മുംബൈ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കെയാണ് അന്വേഷണത്തെ ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹരജിയെത്തുന്നത്.

1,400 പേജുള്ള കുറ്റപത്രത്തില്‍ റിപബ്ലിക് ടിവി ഉള്‍പ്പെടെ ആറ് ചാനലുകള്‍ക്കെതിരേ പരാമര്‍ശമുണ്ട്. ഈ കേസില്‍ മുംബൈ പോലിസ് പ്രതികാരമനോഭാവത്തോടെയാണ് നടപടിയെടുത്തതെന്ന് റിപബ്ലിക് ടിവിയുടെയും അര്‍നബ് ഗോസ്വാമിയുടെയും ഹരജികളില്‍ പറയുന്നു. ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിക്കാന്‍ ബാര്‍ക്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് റിപ്പബ്ലിക് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നബ് ഗോസ്വാമി ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്നാണ് മുംബൈ പോലിസിന്റെ കണ്ടെത്തല്‍.

ബാര്‍ക്കിന്റെ മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തക്കും അര്‍നബ് പണം നല്‍കിയതായി മുംബൈ പോലിസ് വ്യക്തമാക്കിയതായി 'ദി വയര്‍' റിപോര്‍ട്ട് ചെയ്തിരുന്നു. ദാസ് ഗുപ്ത നേരത്ത അറസ്റ്റിലായിരുന്നു. മറ്റൊരു മുന്‍ മുതിര്‍ന്ന ബാര്‍ക് ഉദ്യോഗസ്ഥനും ഗോസ്വാമിയുമായി തട്ടിപ്പിന്റെ ഭാഗമായതായും റിപബ്ലിക് ടിവിയുടെ ഹിന്ദിയിലും കൃത്രിമം നടന്നതായും മുംബൈ പോലിസ് പ്രാദേശിക കോടതിയെ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News