ഫോണെടുക്കുമ്പോള്‍ ഇനി 'ഹലോ' വേണ്ട, 'വന്ദേമാതരം' മതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മഹാരാഷ്ട്ര സര്‍ക്കാര്‍, ഉത്തരവിറങ്ങി

Update: 2022-10-02 06:35 GMT

മുംബൈ: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണെടുക്കുമ്പോള്‍ ഇനി 'ഹലോ' എന്നതിന് പകരം 'വന്ദേമാതരം' എന്ന് പറഞ്ഞ് ആളുകളെ അഭിവാദ്യം ചെയ്യണമെന്നത് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. സര്‍ക്കാര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പൊതുജനങ്ങളോ മറ്റു ഉദ്യോഗസ്ഥരോ വിളിക്കുമ്പോള്‍ വന്ദേമാതരം എന്നാണ് ഇനി മുതല്‍ പറയേണ്ടതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ശനിയാഴ്ചയാണ് മഹാരാഷ്ട്രയിലെ ഷിന്‍ഡെ സര്‍ക്കാര്‍ ഇതുസംബന്ധിച്ച പ്രമേയം പുറത്തിറക്കിയത്.

സര്‍ക്കാര്‍ ഓഫിസുകളില്‍ എത്തുന്നവരെ 'വന്ദേമാതരം' പറഞ്ഞ് അഭിവാദ്യം ചെയ്യാനുള്ള അവബോധം സൃഷ്ടിക്കണമെന്നും പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഹലോ പറയുന്നത് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണ്. അതിന് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സാംസ്‌കാരിക മന്ത്രി സുധീര്‍ മുന്‍ഗന്തിവാറാണ് ആദ്യം നിര്‍ദേശം മുന്നോട്ടുവച്ചത്.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഹലോയ്ക്ക് പകരം വന്ദേമാതരം പറഞ്ഞ് ആളുകളെ അഭിവാദ്യം ചെയ്യണമെന്നാണ് സുധീര്‍ മുങ്കന്തിവാര്‍ പറഞ്ഞത്. 'വന്ദേമാതരം' എന്നത് വെറുമൊരു വാക്കല്ലെന്നും അത് ഓരോ ഇന്ത്യക്കാരന്റെയും വികാരമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രിയായി സുധീര്‍ മുന്‍ഗന്തിവാര്‍ ചുമതലയേറ്റതിനു പിന്നാലെയാണ് വിദേശ പദമായ 'ഹലോ' ഉപേക്ഷിക്കണമെന്ന അഭ്യര്‍ഥനയുമായി അദ്ദേഹം രംഗത്തെത്തിയത്.

Tags:    

Similar News