വന്ദേമാതരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല: കേന്ദ്രമന്ത്രി
കശ്മീരീന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതു സംബന്ധിച്ച വിശദീകരിക്കാന്‍ സംഘടിപ്പിച്ച ജന്‍ ജാഗരണ്‍ സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭുവനേശ്വര്‍: വന്ദേമാതരത്തെ അംഗീകരിക്കാത്ത ആര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കശ്മീരീന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതു സംബന്ധിച്ച വിശദീകരിക്കാന്‍ സംഘടിപ്പിച്ച ജന്‍ ജാഗരണ്‍ സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചാണ് മന്ത്രിയുടെ പ്രസ്താവന.
ഭരണഘടനയുടെ മുന്നൂറ്റിഎഴുപതാം അനുച്ഛേദം എടുത്തുകളഞ്ഞതില്‍ ഏറ്റവും വലിയ മുറിവേറ്റത് ചിതറിപ്പോയ പ്രതിപക്ഷത്തിനും ഭീകരര്‍ക്കുമാണ്. പാക്കധീന കശ്മീരും സിയാച്ചിനും ഇന്ത്യയുടെ ഭാഗമാണെന്ന് അമിത് ഷാ കോണ്‍ഗ്രസ് നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. വന്ദേമാതരം സ്വീകാര്യമല്ലാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ല-മന്ത്രി പറഞ്ഞു. ജല വിഭവ മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
370ാം അനുഛേദം എടുത്തുകളയുന്നത് 72 വര്‍ഷം മുമ്പേ ചെയ്യേണ്ടതായിരുന്നുവെന്ന് സാംരംഗി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ 72 വര്‍ഷത്തിനു ശേഷം കശ്മീരികള്‍ക്കു പൂര്‍ണ അവകാശം അനുവദിച്ചു നല്‍കിയിരിക്കുകയാണ്. കശ്മീരില്‍ ആളുകള്‍ ഭൂമി വാങ്ങാന്‍ തുടങ്ങിയെന്നും കശ്മീരികള്‍ക്ക് പെണ്‍മക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവാഹം ചെയ്തയയ്ക്കാന്‍ അവസരമൊരുങ്ങിയെന്നും സാരംഗി അവകാശപ്പെട്ടു.
ഇപ്പോള്‍ കശ്മീരികളുടെ മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ കശ്മീരില്‍ വിന്യസിക്കപ്പെട്ട നൂറുകണക്കിന് പട്ടാളക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒന്നും മിണ്ടിയിരുന്നില്ലെന്നും സാരംഗി ആരോപിച്ചു.
——————————————————