അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കായി ഓടിച്ച ശ്രമിക് തീവണ്ടികള്‍ വഴിതെറ്റിയിട്ടില്ല: റെയില്‍വേ മന്ത്രി
നാല്‍പതോളം ശ്രമിക് തീവണ്ടികളാണ് വഴിതെറ്റി ഓടുകയോ തെറ്റായ ലക്ഷ്യസ്ഥാനത്ത് എത്തുകയോ ചെയ്തതായി വാര്‍ത്ത വന്നത്. എന്നാല്‍, ഒരു തീവണ്ടിപോലും വഴിതെറ്റി ഓടിയിട്ടില്ലെന്നാണ് റെയില്‍വെ ഭാഷ്യം.
ന്യൂഡല്‍ഹി: അന്തര്‍സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഓടിച്ച ഒരു ശ്രമിക് തീവണ്ടിയും വഴിതെറ്റി ഓടിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. എളമരം കരിം എംപിയുടെ ചോദ്യത്തിന് മറുപടിയായി രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് റെയില്‍വെ മന്ത്രി പീയുഷ് ഗോയലിന്റെ രേഖാമൂലമുള്ള പ്രസ്താവന. നാല്‍പതോളം ശ്രമിക് തീവണ്ടികളാണ് വഴിതെറ്റി ഓടുകയോ തെറ്റായ ലക്ഷ്യസ്ഥാനത്ത് എത്തുകയോ ചെയ്തതായി വാര്‍ത്ത വന്നത്. എന്നാല്‍, ഒരു തീവണ്ടിപോലും വഴിതെറ്റി ഓടിയിട്ടില്ലെന്നാണ് റെയില്‍വെ ഭാഷ്യം.
പാതകളിലെ തിരക്ക് ക്രമീകരിക്കാന്‍ ഇവയെ മറ്റ് വഴികളിലൂടെ വിടുകയായിരുന്നുവെന്നാണ് മറുപടിയിലുള്ളത്. മെയ് 1നും ആഗസ്ത് 31നുമിടയില്‍ ആകെ 4,621 ശ്രമിക് ട്രെയിനുകളാണ് ഓടിയത്. തൊഴിലാളികളുടെ യാത്രാക്കൂലിയിനത്തില്‍ മാത്രം റെയില്‍വേയ്ക്ക് ലഭിച്ചത് 433 കോടി രൂപയാണ്. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഇത്തരത്തില്‍ തീവണ്ടികള്‍ ഓടിച്ചത്. അതിനാല്‍, ഇവ സൗജന്യമായിരുന്നില്ല. തീവണ്ടിയില്‍ ഭക്ഷണവും വെള്ളവുമില്ലാത്ത വിഷയത്തില്‍ 113 പരാതികള്‍ അന്തര്‍സംസ്ഥാന തൊഴിലാളികളുടെ ഭാഗത്തുനിന്ന് ലഭിച്ചതായും മന്ത്രി അറിയിച്ചു.