ശ്രീലങ്കന്‍ സ്‌ഫോടനം: കോയമ്പത്തൂരില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ എന്നാരോപിക്കപ്പെടുന്ന സഹ്‌റാന്‍ ഹാഷിമിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തായ മുഹമ്മദ് അസറുദ്ദീനെ(32)യാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പിടികൂടിയത്.

Update: 2019-06-13 11:31 GMT

ചെന്നൈ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനങ്ങള്‍ നടത്തിയ ആളുമായി ബന്ധമുണ്ടെന്നാരോപിച്ച് കോയമ്പത്തൂരില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ എന്നാരോപിക്കപ്പെടുന്ന സഹ്‌റാന്‍ ഹാഷിമിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തായ മുഹമ്മദ് അസറുദ്ദീനെ(32)യാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പിടികൂടിയത്. കോയമ്പത്തൂരില്‍ നടന്ന റെയ്ഡിലാണ് അറസ്റ്റ്.

തിരുമാരൈ നഗര്‍ സ്വദേശി അക്രം സിന്ദാ(26), ഉക്കടം സ്വദേശി വൈ ശെയ്ഖ് ഹിദായത്തുല്ല(38), കുനിയമുത്തൂര്‍ സ്വദേശി അബൂബക്കര്‍ എം(29), ഉമ്മര്‍ നഗര്‍ സ്വദേശി സദ്ദാം ഹുസയ്ന്‍(26), സൗത്ത് ഉക്കടം സ്വദേശി ഇബ്‌റാഹിം എന്ന ശഹീന്‍ ഷാ(28) എന്നിവരെയും എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ ആക്രമണങ്ങള്‍ നടത്തുന്നതിന് സോഷ്യല്‍ മീഡിയ വഴി ഐഎസിലേക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ വെബ്‌സൈറ്റില്‍ പറയുന്നു. മുഹമ്മദ് അസ്ഹറുദ്ദീനാണ് സംഘത്തിന്റെ നേതാവെന്നും ഖിലാഫജിഎഫ്എക്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജ് ഇതിനായി ഉപയോഗിച്ചിരുന്നതായും എന്‍ഐഎ ആരോപിക്കുന്നു. ശഹീന്‍ ഷാ കാസര്‍കോഡ് അറസ്റ്റിലായ റിയാസ് അബൂബക്കറിന്റെ സുഹൃത്താണ്. പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍ സിംകാര്‍ഡുകള്‍, മെമ്മറി കാര്‍ഡുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, ലഘുലേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായും എന്‍ഐഎ വ്യക്തമാക്കി.

Tags:    

Similar News