ചണ്ഡീഗഢ്: തന്റെ മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കി നടത്താന്‍ ഡ്യൂപിനെ നിയമിച്ച് ബിജെപി എംപി സണ്ണി ഡിയോള്‍. തന്റെ മണ്ഡലമായ ഗുരുദാസ്പൂരിലാണ്, മൊഹാലി സ്വദേശി ഗുര്‍പ്രീത് സിങ് പല്‍ഹേരി എന്നയാളെ എംപി പ്രതിനിധിയെ നിയമിച്ചത്. സണ്ണി ഡിയോള്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
തന്റെ അസാന്നിധ്യത്തില്‍ മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കി നടത്താനും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും ഗുര്‍പ്രീത് സിങ് പല്‍ഹേരിയെ നിയമിക്കുകയാണ്. തന്റെ മണ്ഡലത്തിലെ കാര്യങ്ങള്‍ ഇനി അദ്ദേഹത്തെ അറിയിക്കാവുന്നതാണ്- ഔദ്യോഗക കത്തില്‍ സണ്ണി ഡിയോള്‍ വ്യക്തമാക്കി. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടാനല്ല, 24 മണിക്കൂറും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് പ്രതിനിധിയെ ചുമതലപ്പെടുത്തിയതെന്നും എംപി വ്യക്തമാക്കി.
മണ്ഡലത്തിലെ പ്രശ്‌നങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാനും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും വേണ്ടിയാണ് തന്നെയടക്കം ഉള്‍പെടുത്തി പുതിയ ടീം രൂപീകരിച്ചതെന്നു ഗുര്‍പ്രീത് സിങ് പല്‍ഹേരിയും പറഞ്ഞു.
എന്നാല്‍ ഡിയോളിന്റെ നടപടിക്കെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. വോട്ടു ചെയ്തു വിജയിപ്പിച്ച ജനങ്ങളെ വഞ്ചിക്കുകയാണ് സണ്ണി ഡിയോള്‍ ചെയ്തതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തന്റെ മണ്ഡലത്തില്‍ വരാന്‍ സമയമില്ലാതെ പ്രതിനിധിയെ നിയമിച്ച എംപിയുടെ നടപടി വിശ്വാസ വഞ്ചനയാണ്. ജനങ്ങള്‍ പ്രതിനിധിയെയല്ല, സണ്ണി ഡിയോളിനെയാണ് വോട്ടു ചെയ്ത് വിജയിപ്പിച്ചതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.