സണ്ണി ഡിയോളിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ മുന്‍ കേന്ദ്രമന്ത്രി വിനോദ് ഖന്നയുടെ ഭാര്യ
ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നു ബിജെപി സ്ഥാനാര്‍ഥിയായി സണ്ണി ഡിയോളിനെ തീരുമാനിച്ചതിനെതിരേ പാര്‍ട്ടിയില്‍ വിവാദം മൂര്‍ച്ഛിക്കുന്നു. പാര്‍ട്ടി തീരുമാനം ശരിയായില്ലെന്നും ഗുരുദാസ്പൂര്‍ സീറ്റു തനിക്കു നല്‍കുമെന്നാണു കരുതിയതെന്നും മുന്‍ കേന്ദ്രമന്ത്രി വിനോദ് ഖന്നയുടെ ഭാര്യ കവിതാ ഖന്ന പറഞ്ഞു. ഗുരുദാസ്പൂര്‍ സീറ്റ് എനിക്കു അവകാശപ്പെട്ടതാണ്. താനും ഭര്‍ത്താവ് വിനോദ് ഖന്നയും ചേര്‍ന്നാണ് മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചത്. അതിനാല്‍ തന്നെ മണ്ഡലത്തിലെ ജനങ്ങള്‍ എന്നെ കൈവിടുമെന്നു കരുതുന്നില്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചാല്‍ പോലും ജയിക്കുമെന്നുറപ്പുണ്ട്. എന്നാല്‍ തന്റെ സ്വന്തം വേദനയായി ഇതിനെ കണ്ടോളാമെന്നും പാര്‍ട്ടിക്കെതിരേ രംഗത്തു വരില്ലെന്നും അവര്‍ പറഞ്ഞു. നരേന്ദ്രമോദിയെ പിന്തുണക്കുക എന്ന ഉദ്ദേശമായതിനാല്‍ സണ്ണി ഡിയോളിനെയും പിന്തുണക്കുമെന്നും വിമതനാവാനോ മറ്റോ ഇല്ലെന്നും കവിത പറഞ്ഞു. ഗുരുദാസ്പൂരില്‍ നിന്നു നാലു തവണ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് വിനോദ് ഖന്ന. 2017ല്‍ ഖന്ന മരിച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. ഇത്തവണ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമ്പോള്‍ ഗുരുദാസ്പൂര്‍ സീറ്റ് കവിതക്കു നല്‍കണമെന്നു ഒരു വിഭാഗം ബിജെപി നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സണ്ണി ഡിയോളിനു സീറ്റു നല്‍കിയത്.