വധശിക്ഷ തുടരാമെന്ന് സുപ്രിംകോടതി; ജസ്റ്റിസ് കുര്യന്‍ ജോസഫിനു വിയോജിപ്പ്
മൂന്നംഗബെഞ്ചില്‍ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവര്‍ വധശിക്ഷയെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് വിയോജിപ്പ് രേഖപ്പെടുത്തി.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നത് തുടരാമെന്ന് സുപ്രിംകോടതിയുടെ ഉത്തരവ്. മൂന്നംഗബെഞ്ചില്‍ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവര്‍ വധശിക്ഷയെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് വിയോജിപ്പ് രേഖപ്പെടുത്തി. കീഴ്‌ക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഒരു പ്രതിയുടെ അപ്പീല്‍ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് വിധിന്യായം. വധശിക്ഷ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്നുതന്നെ ഒഴിവാക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ സമയമായെന്നായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വിധിന്യായം. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വധശിക്ഷക്ക് ആയിട്ടില്ലെന്നു 262ാം ലോ കമ്മീഷന്‍ റിപോര്‍ട്ട് ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനാഭിപ്രായം അന്വേഷണ ഏജന്‍സികളെ സ്വാധീനിക്കാറുണ്ടെന്നും വിചാരണക്കാലത്ത് കോടതികളെ അത് സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും ബെഞ്ചിലെ മുതിര്‍ന്ന ന്യായാധിപനായ ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി. എന്നാല്‍ ജസ്റ്റിസ് ദീപക് ഗുപ്തയും ഹേമന്ദ് ഗുപ്തയും ഇതിനോട് വിയോജിച്ചു. 1980ലെ ബചന്‍ സിങ്, മാച്ചി സിങ് കേസുകളിലെ സുപ്രിംകോടതി റൂളിങ് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദീപക് ഗുപ്ത ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വധശിക്ഷ ഇന്നും പ്രസക്തമാണെന്നും വധശിക്ഷ ഉചിതമോ എന്ന് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം വിധിന്യായത്തില്‍ കുറിച്ചു. അതേസമയം കോടതി പരിഗണിച്ച ചാന്നു ലാല്‍ വെര്‍മയുടെ വധശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കുന്നതിനോട് മൂന്നു ന്യായാധിപരും യോജിച്ചു. 2011ല്‍ മൂന്നുപേരെ കൊന്ന കേസിലായിരുന്നു ചാന്നു ലാലിന് വധശിക്ഷ വിധിച്ചത്. ചാന്നു ലാലിന് ജീവപര്യന്തം മതിയായ ശിക്ഷയാകില്ലെന്ന് സംശയാതീതമായി തെളിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തി. വധശിക്ഷയ്‌ക്കെതിരേ രാജ്യത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.