റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് കോടോമ്പുഴ സ്വദേശി അബ്ദുര്‍ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതി റദ്ദാക്കി.
ഇന്ന് രാവിലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവിഭാഗം അഭിഭാഷകരും കോടതിയില്‍ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥര്‍ അബ്ദുര്‍റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂര്‍ എന്നിവരും റഹീമിനോപ്പം കോടതിയില്‍ ഹാജരായി. വിര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് കോടതി റഹീമിനെ കണ്ടത്. രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് കോടതി വധ ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവച്ചത്. കോടതിയില്‍ എംബസി വഴി കെട്ടിവച്ച ഒന്നരക്കോടി റിയാലിന്റെ ചെക്ക് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണിക്ക് കൈമാറി. റഹീമിന്റെ മോചനത്തിനു വേണ്ടി ക്രൗഡ് ഫണ്ടിങിലൂടെ സുമനസ്സുകള്‍ സ്വരൂപിച്ച് നല്‍കിയ 15 മില്യണ്‍ റിയാല്‍(34 കോടി രൂപ) ദിയാധനം റിയാദ് നേരത്തേ കോടതിയിലെത്തിച്ചിരുന്നു. 2006 നവംബര്‍ 28നാണ് സൗദി പൗരന്റെ ഭിന്നശേഷിക്കാരനായ മകന്‍ അനസ് അല്‍ശഹ്‌റി വാഹനത്തില്‍ മരണപ്പെട്ടത്. തുടര്‍ന്ന് 2011 ഫെബ്രുവരി രണ്ടിനാണ് റിയാദ് ജനറല്‍ കോടതി അബ്ദുര്‍റഹീമിന് വധശിക്ഷ വിധിച്ചത്. 2022 നവംബര്‍ 15ന് സുപ്രിം കോടതിയും വധശിക്ഷ ശരിവച്ച് ഉത്തരവിട്ടു. തുടര്‍ന്നാണ് ദിയാധനം നല്‍കിയാല്‍ മോചിപ്പിക്കാമെന്ന നിര്‍ദേശമുയര്‍ന്നത്. കേരളത്തിലും വിദേശത്തുമുള്ള മലയാളികള്‍ ഒന്നടങ്കം ഫണ്ട് സ്വരൂപിച്ചാണ് 34 കോടി രൂപ കണ്ടെത്തിയത്.