ഉമര്‍ അബ്ദുല്ലയുടെ തടങ്കല്‍: ഹരജി പരിഗണിക്കുന്നതില്‍നിന്ന് സുപ്രിംകോടതി ജഡ്ജി പിന്‍മാറി

ഉമര്‍ അബ്ദുല്ലയുടെ സഹോദരി സാറാ അബ്ദുല്ല പൈലറ്റാണ് പിഎസ്എ (പൊതുസുരക്ഷാനിയമം) പ്രകാരം തടങ്കലില്‍വച്ചതിനെതിരേ സുപ്രിംകോടതിയെ സമീപിച്ചത്.

Update: 2020-02-12 08:45 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ തടങ്കലില്‍വച്ചതിനെതിരേ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതില്‍നിന്ന് ജഡ്ജി പിന്‍മാറി. സുപ്രിംകോടതി ജഡ്ജി മോഹന്‍ എം ശാന്തഗൗദറാണ് പിന്‍മാറിയത്. പിന്‍മാറ്റത്തിനുള്ള കാരണം വ്യക്തമല്ല. ഉമര്‍ അബ്ദുല്ലയുടെ സഹോദരി സാറാ അബ്ദുല്ല പൈലറ്റാണ് പിഎസ്എ (പൊതുസുരക്ഷാനിയമം) പ്രകാരം തടങ്കലില്‍വച്ചതിനെതിരേ സുപ്രിംകോടതിയെ സമീപിച്ചത്. അദ്ദേഹത്തെ തടങ്കലിലടച്ചിരിക്കുന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും രാഷ്ടീയ എതിരാളികളുടെ വായമൂടികെട്ടുന്നതുമാണെന്നായിരുന്നു ഹരജിയില്‍ ആരോപിച്ചിരുന്നത്.

ഇന്ന് ഹരജി പരിഗണിക്കാനിരിക്കെയാണ് ജഡ്ജി കേസില്‍നിന്നും പിന്‍മാറിയത്. ജസ്റ്റിസുമാരായ എന്‍ വി രമണ, എം എം ശാന്തനഗ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചില്‍നിന്നാണ് ശാന്തഗൗദര്‍ പിന്‍മാറിയത്. കഴിഞ്ഞ ആഗസ്ത് 5നാണ് ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന 370ാം അനുച്ഛേദം റദ്ദാക്കിയത്. അതിന്റെ തലേദിവസം മുതല്‍ ഉമര്‍ അബ്ദുല്ല, പിതാവ് ഫറൂഖ് അബ്ദുല്ല ഉള്‍പ്പടെയുള്ള രാഷ്ട്രീയനേതാക്കളെയെല്ലാം കരുതല്‍ തടങ്കലിലാക്കി.

മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല തുടങ്ങിയവര്‍ ആറുമാസത്തോളമായി വീട്ടുതടങ്കലിലാണ്. ഉമര്‍ അബ്ദുല്ലയ്ക്കും മെഹ്ബൂബ മുഫ്തിക്കും മേല്‍ ജനുവരി ആദ്യവാരമാണ് പിഎസ്എ ചുമത്തിയത്. വിചാരണയില്ലാതെ രണ്ടുവര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ വ്യവസ്ഥചെയ്യുന്ന നിയമമാണിത്. മൂന്നുമാസം കൂടുമ്പോഴാണ് ഇത് തുടരണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഫറൂഖ് അബ്ദുല്ലയുടെ പിഎസ്എ കാലാവധി നീട്ടുകയും ചെയ്തിരുന്നു.

Tags:    

Similar News