വനപാലകര്‍ക്ക് ആയുധങ്ങളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഹെല്‍മറ്റുകളും നല്‍കണമെന്ന് സുപ്രിംകോടതി
കാട്ടില്‍ ജോലിചെയ്യുന്ന ഫോറസ്റ്റ് ഗാര്‍ഡും നഗരത്തില്‍ ജോലിചെയ്യുന്ന പോലിസ് ഗാര്‍ഡും തമ്മില്‍ ജോലിയുടെ കാര്യത്തില്‍തന്നെ വലിയ വ്യത്യാസമുണ്ട്. നഗരത്തില്‍ ജോലിചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥന് ഒരു ആവശ്യം വന്നാല്‍ പലരുടെയും സഹായം തേടാന്‍ കഴിയും. എന്നാല്‍, കാട്ടിലെ ഫോറസ്റ്റ് ഗാര്‍ഡിനു ആ സൗകര്യമില്ല.
ന്യൂഡല്‍ഹി: മൃഗവേട്ടക്കാരെയും കള്ളക്കടത്തുകാരെയും നേരിടാന്‍ രാജ്യത്തെ ഫോറസ്റ്റ് ഗാര്‍ഡുകള്‍ക്ക് ആയുധങ്ങളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഹെല്‍മറ്റുകളും നല്‍കണമെന്ന് സുപ്രിംകോടതി. വനപാലകര്‍ക്കെതിരേ വന്യജീവി വേട്ടക്കാരും കള്ളക്കടത്തുകാരും നടത്തുന്ന ആക്രമണങ്ങളില്‍ സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചു. വന്‍തോതിലുള്ള ആയുധങ്ങളുമായി മൃഗവേട്ടയ്ക്കിറങ്ങുന്നവരുടെ മുന്നില്‍ ചെറുത്തുനില്‍ക്കാന്‍ ആയുധമില്ലാത്ത ഗാര്‍ഡുകള്‍ക്ക് എങ്ങനെ സാധിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇക്കാര്യത്തില്‍ എന്തു ചെയ്യാനാവുമെന്നത് സംബന്ധിച്ച നയരേഖ തയ്യാറാക്കി നല്‍കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിംകോടതി നിര്‍ദേശിച്ചു.
രാജസ്ഥാനിലെ മൃഗവേട്ടയുമായി ബന്ധപ്പെട്ട് 25കാരനായ ടി എന്‍ ഗോദവര്‍മന്‍ തിരുമുല്‍പാട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ണായക ഇടപെടല്‍. കാട്ടില്‍ ജോലിചെയ്യുന്ന ഫോറസ്റ്റ് ഗാര്‍ഡും നഗരത്തില്‍ ജോലിചെയ്യുന്ന പോലിസ് ഗാര്‍ഡും തമ്മില്‍ ജോലിയുടെ കാര്യത്തില്‍തന്നെ വലിയ വ്യത്യാസമുണ്ട്. നഗരത്തില്‍ ജോലിചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥന് ഒരു ആവശ്യം വന്നാല്‍ പലരുടെയും സഹായം തേടാന്‍ കഴിയും. എന്നാല്‍, കാട്ടിലെ ഫോറസ്റ്റ് ഗാര്‍ഡിനു ആ സൗകര്യമില്ല. നഗരങ്ങളില്‍ പോലിസിനെ സഹായത്തിനായി വിളിക്കാന്‍ കഴിയുന്നതുപോലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയേണ്ടതുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വലിയ സേനയെയാണ് അഭിമുഖീകരിക്കുന്നത്.
അന്താരാഷ്ട്ര സംഘങ്ങള്‍ക്കുപോലും മൃഗവേട്ടയില്‍ പങ്കുണ്ട്. കോടിക്കണക്കിനു ഡോളറുകളിലാണ് ഈ അനധികൃത വ്യവസായം പടര്‍ന്നുകിടക്കുന്നത്. ഇത്തരം വ്യവസായങ്ങള്‍ തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ പ്രത്യേക സെല്‍ ആരംഭിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു. വനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങള്‍ ഇന്ത്യയില്‍ 38 ശതമാനമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ചൂണ്ടിക്കാട്ടി. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വനം ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളിലേക്ക് അദ്ദേഹം കോടതിയുടെ ശ്രദ്ധ ആകര്‍ഷിച്ചു.
വനപാലകരെ ക്രൂരമായി ആക്രമിക്കുന്നു. മാത്രമല്ല, ഈ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കുന്നു. ഇത്തരം സംഭവങ്ങളില്‍ എന്തുനടപടിയാണ് സ്വീകരിച്ചതെന്ന് ഈ സംസ്ഥാനങ്ങളോട് ചോദിക്കണമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. കഴിഞ്ഞമാസം ഞാന്‍ മഹാരാഷ്ട്രയിലെ വനങ്ങളിലായിരുന്നുവെന്നും വനം ഉദ്യോഗസ്ഥര്‍ക്ക് ആയുധങ്ങള്‍ പോലുമില്ലെന്ന് ഞാന്‍ മനസ്സിലാക്കിയെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയില്‍ അവര്‍ക്ക് വടി മാത്രമേയുള്ളൂ. ആക്രമണത്തില്‍നിന്ന് അവര്‍ എങ്ങനെ സ്വയം പ്രതിരോധിക്കും. സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യത്തില്‍ എല്ലാ സാധ്യതകളും പരിശോധിക്കണം. അത്തരം കുറ്റകൃത്യങ്ങള്‍ അടിച്ചമര്‍ത്തേണ്ടതുണ്ടെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.