നിന്ദ്യമായ മുദ്രാവാക്യങ്ങളോ ആയുധ പ്രദര്‍ശനമോ പാടില്ല; രാജ് താക്കറെയുടെ റാലിക്ക് 13 ഇന നിബന്ധനകളുമായി പോലിസ്
സിറ്റി പോലിസ് 13 നിബന്ധനകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും അവ പാലിക്കേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുംബൈ: പൂനെയില്‍ ഇന്ന് നടക്കുന്ന എംഎന്‍എസ് മേധാവി രാജ് താക്കറെയുടെ റാലിക്ക് കര്‍ശന ഉപാധികളുമായി പോലിസ്.പൊതുജനങ്ങള്‍ക്കിടയില്‍ പാലിക്കേണ്ട നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പോലിസ് മുന്നോട്ട് വച്ചിട്ടുള്ളത്. സിറ്റി പോലിസ് 13 നിബന്ധനകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും അവ പാലിക്കേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്വാര്‍ഗേറ്റ് പോലീസ് സ്‌റ്റേഷന്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, താക്കറെയുടെ പ്രസംഗം ഒരു സമൂഹത്തെയും അപമാനിക്കുന്നതോ ആളുകള്‍ക്കിടയില്‍ വെറുപ്പുണ്ടാക്കുന്നതോ ആയിരിക്കരുത്.
'ഏതെങ്കിലും സമുദായത്തെ അപമാനിക്കുന്നതോ സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതോ ആയ പ്രസംഗങ്ങള്‍ പങ്കെടുക്കുന്നവര്‍ നടത്താന്‍ പാടില്ല. യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ സ്വയം അച്ചടക്കം പാലിക്കണം. ആക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താതിരിക്കാന്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുമെന്ന് സംഘാടകര്‍ ഉറപ്പാക്കണം'- പോലിസ് വ്യക്തമാക്കി.
പങ്കെടുക്കുന്ന ആളുകളുടെ എണ്ണം ഓഡിറ്റോറിയത്തിന്റെ കപ്പാസിറ്റിക്ക് പരിമിതപ്പെടുത്തണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ച ശബ്ദ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഇവിടെയുള്ള ഗണേഷ് കലാ കായിക മഞ്ചില്‍ നടക്കുന്ന റാലിയിലേക്ക് ആരും ആയുധങ്ങള്‍ കൊണ്ടുപോകരുതെന്ന് പോലീസ് കത്തില്‍ പറയുന്നു. ഇന്ന് നടക്കുന്ന റാലിയില്‍ 10,000-15,000 പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംഎന്‍എസ് പൂനെ പ്രസിഡന്റ് സായിനാഥ് ബാബര്‍ പറഞ്ഞു.
അതേസമയം, രാജ് താക്കറെ സംസാരിക്കുന്ന പരിപാടിക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് ഗണേഷ് കലാ കായിക മഞ്ചില്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.