ജയ്ശ്രീറാം മുഴക്കി പള്ളിക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; മധ്യപ്രദേശില്‍ ഇരുവിഭാഗവും ഏറ്റുമുട്ടി, 24 പേര്‍ പിടിയില്‍

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് സംഭാവന ശേഖരിക്കുന്നതിന് ഹിന്ദുത്വ ഹിന്ദുത്വര്‍ നടത്തിയ റാലിക്കിടെയാണ് പള്ളിക്കും മുസ്‌ലിംകളുടെ വീടുകള്‍ക്കും സ്വത്തുവകകള്‍ക്കും നേരെ ആക്രമണമുണ്ടായത്

Update: 2020-12-30 14:05 GMT

ഇന്ദോര്‍: പള്ളിക്കു പുറത്ത് ജയ്ശ്രീറാം വിളികളുമായി ഹിന്ദുത്വര്‍ അഴിഞ്ഞാടിയതിനു പിന്നാലെ ഇരു വിഭാഗം തമ്മില്‍ സംഘര്‍ഷമുണ്ടായ ചന്ദന്‍ ഖേദി ഗ്രാമത്തില്‍നിന്ന് മധ്യപ്രദേശ് പോലിസ് 24 പേരെ കസ്റ്റഡിയിലെടുത്തു.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് സംഭാവന ശേഖരിക്കുന്നതിന് ഹിന്ദുത്വ ഹിന്ദുത്വര്‍ നടത്തിയ റാലിക്കിടെയാണ് പള്ളിക്കും മുസ്‌ലിംകളുടെ വീടുകള്‍ക്കും സ്വത്തുവകകള്‍ക്കും നേരെ ആക്രമണമുണ്ടായത്.

ചന്ദന്‍ ഖേഡിയിലെ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തായിരുന്നു സംഭവം. 200 ഓളം പേര്‍ പള്ളിക്ക് പുറത്ത് ജയ് ശ്രീ റാം ഉള്‍പ്പെടെയുള്ള പ്രകാപന പരമായ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിക്കുകയും പള്ളിയുടെ മുകളില്‍ കയറി മിനാരം തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇതു ചെറുക്കാന്‍ മുസ്‌ലിംകളും മുന്നോട്ട് വന്നതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി.

റാലിയുടെ ഭാഗമായെത്തിയ ചലര്‍ കാവി പതാകകള്‍ വീശി മതില്‍ ചാടിക്കടന്ന് പള്ളി മിനാരം തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. കൂടാതെ, സമീപത്തെ മുസ്‌ലിം വീടുകളും വാഹനങ്ങളും തകര്‍ക്കാനും ശ്രമം നടന്നു. ഹിന്ദുത്വ സംഘം പ്രകോപനമേതുമില്ലാതെ പള്ളിക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗ്രാമത്തില്‍ നിന്നുള്ള 24 പേരെ കസ്റ്റഡിയില്‍ എടുത്തെന്ന് ഇന്‍ഡോര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ യോഗേഷ് ദേശ്മുഖ് പറഞ്ഞു. ഇരുവശത്തും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. പള്ളിയില്‍ കയറിയ ആളുകളെ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


ചൊവ്വാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരായ കലക്ടര്‍ മനീഷ് സിങ്, സീനിയര്‍ പോലിസ് സൂപ്രണ്ട് ഹരിനാരായണന്‍ ചാരി മിശ്ര എന്നിവര്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സ്ഥലത്തുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ഇന്ദോര്‍ കലക്ടര്‍ മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ചന്ദന്‍ ഖേഡി, ധര്‍മ്മത്ത്, രുദ്രാഖ്യ, സുനാല, ദുധഖേഡി, ഗൗതംപുര, സാന്‍വേര്‍ മുനിസിപ്പല്‍ കൗണ്‍സിലുകളുടെ ഗ്രാമപഞ്ചായത്തുകളിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉജ്ജയിന് സമീപം ബീഗം ബാഗ് പ്രദേശത്തു ദിവസങ്ങള്‍ക്കു മുമ്പ് സമാന സംഭവം റിപോര്‍ട്ട് ചെയ്തിരുന്നു.

ഇതുവരെ 15 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അവരെല്ലാം ബീഗം ബാഗിലെ താമസക്കാരാണ്. റാലിയില്‍ പങ്കെടുത്ത ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല.

Tags:    

Similar News