'ഹണിട്രാപ്പില്‍' കുടുങ്ങി മഠാധിപതിയുടെ ആത്മഹത്യ; ബെംഗളൂരു സ്വദേശിനിയടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍
മൃതദേഹത്തിനൊപ്പം മുറിയില്‍ സ്വാമിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തുകയായിരുന്നു. ഈ കുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹണി ട്രാപ്പ് സംബന്ധിച്ച വിവരങ്ങള്‍ പോലിസിന് ലഭിച്ചത്. ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന രണ്ടുപേര്‍ മഠവുമായി ബന്ധപ്പെട്ടവരാണെന്ന് പോലിസ് പറഞ്ഞു.
രാമനഗര: ലിംഗായത്ത് പുരോഹിതന്‍ ബസവലിംഗ സ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബെംഗളൂരു സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചു. ചില സ്വകാര്യ വീഡിയോകളുടെ പേരില്‍ ഒരു സ്ത്രീ ബ്ലാക്ക്‌മെയില്‍ ചെയ്തതായി സ്വാമി ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരു സ്വദേശിയായ സ്ത്രീയെ ചോദ്യം ചെയ്യുന്നത്. രാമനഗര ജില്ലയിലെ ഒരു ഗ്രാമത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് 45കാരനായ അദ്ദേഹത്തെ കഞ്ചുഗല്‍ ബന്ദേമഠത്തിലെ തന്റെ പൂജാമുറിയുടെ ജനലിലെ ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ഏറെ വൈകിയിട്ടും മുറി തുറക്കാതെ വന്നതോടെ ജീവനക്കാര്‍ മുറി തുറന്ന് പരിശോധിച്ചു. ഇതോടെയാണ് തൂങ്ങിയ നിലയില്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം മുറിയില്‍ സ്വാമിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തുകയായിരുന്നു. ഈ കുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹണി ട്രാപ്പ് സംബന്ധിച്ച വിവരങ്ങള്‍ പോലിസിന് ലഭിച്ചത്. ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന രണ്ടുപേര്‍ മഠവുമായി ബന്ധപ്പെട്ടവരാണെന്ന് പോലിസ് പറഞ്ഞു.
ഒരു യുവതിയുമായി മഠാധിപതി വീഡിയോ കോള്‍ നടത്തിയിരുന്നു. ഇതെല്ലാം സ്‌ക്രീന്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ച യുവതി, പിന്നീട് ഈ വീഡിയോകള്‍ ഉപയോഗിച്ച് സ്വാമിയെ ഭീഷണിപ്പെടുത്തി. 'ഒരു അജ്ഞാത യുവതിയാണ് എന്നോട് ഇത് ചെയ്തത്' എന്നാണ് സ്വാമിയുടെ കുറിപ്പിലുണ്ടായിരുന്നതെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലിസ് പറഞ്ഞു. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും ദ്രോഹിച്ചെന്നും സ്വാമിയുടെ കുറിപ്പിലുണ്ടായിരുന്നതായി കഴിഞ്ഞദിവസം പോലിസ് വെളിപ്പെടുത്തിയിരുന്നു.
മഠാധിപതി സ്ഥാനത്തുനിന്ന് തന്നെ നീക്കാനാണ് ഇത് ചെയ്തതെന്നും സ്വാമി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടത്. 400 വര്‍ഷം പഴക്കമുള്ള പ്രമുഖ മഠമാണ് രാമനഗരയിലെ മാഗഡി കുഞ്ചുഗല്‍ബംഡേ മഠം. 1997ലാണ് ബസവലിംഗ സ്വാമി മഠാധിപതിസ്ഥാനം ഏറ്റെടുത്തത്. ഒരുവര്‍ഷത്തിനിടെ കര്‍ണാടകത്തില്‍ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി. കഴിഞ്ഞ ഡിസംബറില്‍ രാമനഗരയിലെ മറ്റൊരു പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതിയെ മഠത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ബെലഗാവിയിലെ ഒരു മഠാധിപതിയെ മഠത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം പ്രചരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.