അറസ്റ്റിനെതിരായ ചിംദബരത്തിന്റെ ഹരജി ഇന്ന് പരിഗണിക്കും

കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരേയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചിദംബരം സുപ്രിം കോടതിയെ സമീപിച്ചത്.

Update: 2019-08-26 01:32 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ അപ്പീലുകള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരേയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചിദംബരം സുപ്രിം കോടതിയെ സമീപിച്ചത്.

തനിക്കെതിരേ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെതിരേയും ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ തിങ്കളാഴ്ച്ചവരെ സിബിഐ കസ്റ്റഡിയില്‍ വിടാനുള്ള വിചാരണക്കോടതിയുടെ തീരുമാനത്തിനെതിരേയും ചിദംബരം പുതുതായി നല്‍കുന്ന അപ്പീലും ജസ്റ്റിസ് ആര്‍ ബാനുമതി, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇന്ന് പരിഗണിക്കും.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരത്തെ തിങ്കളാഴ്ച്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിം കോടതി വെള്ളിയാഴ്ച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ബന്ധപ്പെട്ട മറ്റൊരു കേസില്‍ ചിദംബരം നിലവില്‍ സിബിഐ കസ്റ്റിഡിയില്‍ ആയതിനാല്‍ ഈ വിധിക്ക് പ്രത്യേക പ്രാധാന്യമില്ല.

ചിദംബരത്തിന്റെ ഹരജികളില്‍ കോടതി അന്വേഷണ ഏജന്‍സികളില്‍ നിന്ന് വിശദീകരണം തേടുകയും വാദംകേള്‍ക്കല്‍ തിങ്കളാഴ്ച്ചത്തേക്കു മാറ്റിവയ്ക്കുകയുമായിരുന്നു.

തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജൂലൈ 20ന്റെയും 21ന്റെയും ഹൈക്കോടതി ഉത്തരവിനെതിരായ ഹരജികള്‍ സുപ്രിം കോടതി കേള്‍ക്കും മുമ്പ് ആഗസ്ത് 21ന് തന്നെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നാണ് ചിദംബരത്തിന്റെ വാദം. ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ചിദംബരം വാദിക്കുന്നു.

എന്നാല്‍, രാഷ്ട്രീയ പ്രതികാരമാണ് കേസിന് പിന്നിലെന്ന വാദം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തള്ളി. ഐഎന്‍എക്‌സ് സഹസ്ഥാപക ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ(എഫ്‌ഐപിബി) അംഗീകാരത്തിന് വേണ്ടി താനും ഭര്‍ത്താവും ചിദംബരത്തെ സമീപിച്ചിരുന്നുവെന്നും തന്റെ മകന്റെ കാര്യം പരിഗണിക്കണമെന്നു ചിദംബരം പറഞ്ഞുവെന്നും മൊഴിയിലുണ്ടെന്ന് മേത്ത അവകാശപ്പെട്ടു.

2007ല്‍ ചിദംബരം ധനമന്ത്രിയായിരിക്കേ, ഐഎന്‍എക്‌സ് മീഡിയ ഗ്രൂപ്പിന് 305 കോടിയുടെ വിദേശസഹായം സ്വീകരിക്കുന്നതിനുള്ള എഫ്‌ഐപിബി ക്ലിയറന്‍സ് ലഭിക്കുന്നതിന് ക്രമക്കേടുകള്‍ കാട്ടിയെന്നാരോപിച്ച് 2017 മെയ് 15ന് ആണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 

Tags:    

Similar News