ഐഎന്‍എക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റ് റിമാന്റ് വീണ്ടും നീട്ടി
ബുധനാഴ്ച രാവിലെ പി ചിദംബരത്തെ തിഹാര്‍ ജയിലിലെത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചു.
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ റിമാന്റ് കാലാവധി വീണ്ടും നീട്ടി. ഡിസംബര്‍ 11 വരെയാണ് നീട്ടിയത്. കേസന്വേഷണം തുടരുന്നതിനാല്‍ 14 ദിവസത്തേക്ക് കൂടി റിമാന്റ് നീട്ടണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം പരിഗണിച്ചാണ് ദില്ലി പ്രത്യേക കോടതിയുടെ തീരുമാനം. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്റ്ററേറ്റ് കേസുകളിലായി 99 ദിവസമായി ചിദംബരം ജയിലില്‍ കഴിയുകയാണ്. അതിനിടെ, ബുധനാഴ്ച രാവിലെ പി ചിദംബരത്തെ തിഹാര്‍ ജയിലിലെത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചു.
അതേസമയം, പി ചിദംബരം നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതിയില്‍ വാദം കേള്‍ക്കല്‍ തുടങ്ങി. വ്യക്തമായ ഒരു തെളിവുമില്ലാതെയാണ് 99 ദിവസമായി തടവില്‍ വച്ചിരിക്കുന്നതെന്നു ചിദംബരത്തിന് വേണ്ടി അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചു. കണക്കില്‍പ്പെടാത്ത സ്വത്തോ, ബാങ്ക് അക്കൗണ്ടോ, ഇടപാടുകളോ ഇല്ലെന്നും കാര്‍ത്തിയുടെ പിതാവായതിനാല്‍ മാത്രമാണ് കേസില്‍ ചിദംബരത്തെ പ്രതിചേര്‍ത്തതെന്നും കപില്‍ സിബല്‍ വാദിച്ചു. ഇഡിയുടെ വാദം നാളെ കോടതി കേള്‍ക്കും. സിബിഐ രജിസ്റ്റര്‍ ചെയ്ത ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന് നേരത്തേ സുപ്രിംകോടതി ജാമ്യം നല്‍കിയിരുന്നു.