സുശാന്ത് സിങ്ങിന്റെ മരണം; നടി റിയ ചക്രവര്‍ത്തി മുംബൈ ഇഡി ഓഫിസില്‍ ഹാജരായി

മുംബൈയിലെ ഓഫിസിലാണ് റിയ എത്തിയത്. കേസില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നുള്ള റിയയുടെ അപേക്ഷ തള്ളിയ ഇഡി, റിയയ്ക്ക് താക്കീത് നല്‍കിയിരുന്നു.

Update: 2020-08-07 11:46 GMT

മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ്ങുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള ചോദ്യംചെയ്യലിനായി നടി റിയാ ചക്രവര്‍ത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ ഹാജരായി. മുംബൈയിലെ ഓഫിസിലാണ് റിയ എത്തിയത്. കേസില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നുള്ള റിയയുടെ അപേക്ഷ തള്ളിയ ഇഡി, റിയയ്ക്ക് താക്കീത് നല്‍കിയിരുന്നു. കേസില്‍ സുപ്രിംകോടതിയില്‍ വാദം കേള്‍ക്കുന്നതുവരെ തന്റെ മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവയ്ക്കണമെന്ന റിയയുടെ അപേക്ഷയും ഇഡി നിരസിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30നാണ് റിയ ഇഡി ഓഫിസിലെത്തിയത്.

സുശാന്തിന്റെ മുന്‍ ബിസിനസ് മാനേജര്‍ ശ്രുതി മോദിയോടും ഇന്ന് ഹാജരാവണമെന്ന് ഇഡി അറിയിച്ചിരുന്നു. സുശാന്തിന്റെ സുഹൃത്ത് സിദ്ധാര്‍ഥ് പട്ടാനിയോട് ഈമാസം എട്ടിന് ചോദ്യംചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിയ ചക്രവര്‍ത്തിക്കും ബന്ധുക്കള്‍ക്കുമെതിരേ ഇഡി കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നും റിയയ്ക്ക് പണം കൈമാറിയതായി ഇഡി കണ്ടെത്തിയിരുന്നു.

സുശാന്തിന്റെ മരണം സംബന്ധിച്ച കേസ് പട്‌നയില്‍നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന റിയയുടെ ആവശ്യം അനുവദിക്കാനാവില്ലെന്ന് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. അതേസമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ, പിതാവ് ഇന്ദ്രജിത്ത് ചക്രവര്‍ത്തി, റിയയുടെ സഹോദരന്‍ ഷൗവിക്, അമ്മ സന്ധ്യ എന്നിവര്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍, തടവിലിടുക, മോഷണം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. 

Tags:    

Similar News