ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ കാനഡയില്‍ അറസ്റ്റില്‍. കരണ്‍ ബ്രാര്‍ (22), കമാല്‍ പ്രീത് സിങ് (22), പ്രീത് സിങ് (28) എന്നിവരാണ് പിടിയിലായത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മൂവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി കാനഡയില്‍ ഉണ്ടെന്നാണ് പോലിസ് പറയുന്നത്.
അതേസമയം നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യ സര്‍ക്കാരിന് ബന്ധമുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. കൊലപാതകത്തില്‍ അറസ്റ്റിലായവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ അറിയിച്ചു. കേസില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരാണ് അറസ്റ്റിലായതെന്നും ഇവര്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റുമായി ബന്ധമുണ്ടോ എന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും കനേഡിയന്‍ പോലിസ് വ്യക്തമാക്കി. എന്നാല്‍, അന്വേഷണത്തില്‍ ഇന്ത്യന്‍ സുരക്ഷ ഏജന്‍സികളുമായുള്ള സഹകരണം സുഗമമായിരുന്നില്ലെന്നും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലിസ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും പോലിസ് പറഞ്ഞു.
ജൂണ്‍ 18നാണ് വാന്‍കൂവറില്‍ വെച്ച് മുഖംമൂടി ധരിച്ചെത്തിയ സംഘം നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നാലെ ഇന്ത്യ സര്‍ക്കാരിന് കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡൊ ആരോപണം ഉന്നയിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ട്രൂഡോയുടെ ആരോപണം പൂര്‍ണമായും തള്ളുകയാണ് ചെയ്തത്. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകം തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചു.
ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സംഘടനയുടെ വക്താവാണ് നിജ്ജാര്‍. സംഘടനയില്‍ ഗുര്‍പത് സിങ് പന്നൂനിന് ശേഷം രണ്ടാമനായി കാണുന്ന വ്യക്തികൂടിയാണ് നിജ്ജാര്‍. ജലന്ധറിലെ ഭര്‍സിങ് പുര ഗ്രാമത്തില്‍ നിന്ന് 1996ല്‍ നിജ്ജാര്‍ കാനഡയിലേക്ക് പോയി എന്നാണ് പഞ്ചാബ് പോലിസിന്റെ പക്കലുള്ള വിവരം.