പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; ഗിലാനിയുടെ മൃതദേഹം ഉച്ചയ്ക്കു ശേഷം ശ്രീനഗറിലേക്കു കൊണ്ടുപോവും
ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ഇന്ന് കാലത്ത് 11 മണിയോടെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. 15 മിനിറ്റ് നീണ്ടുനിന്ന പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ആശുപത്രി അധികൃതര്‍ കോഫിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.
ന്യൂഡല്‍ഹി: ഹൃദയാഘാതം മൂലം ഇന്നലെ അന്തരിച്ച പ്രഫസര്‍ എസ്എആര്‍ ഗിലാനിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ഇന്ന് കാലത്ത് 11 മണിയോടെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. 15 മിനിറ്റ് നീണ്ടുനിന്ന പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ആശുപത്രി അധികൃതര്‍ കോഫിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. വൈകുന്നേരം മൂന്നുമണിയോടെ ശ്രീനഗറിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോകും.
ഗിലാനിയുടെ മൃതദേഹം കൊണ്ടുപോവുന്നതിനായി ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാശിലുള്ള ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിന്ന് ഇന്നലെ രാത്രി 9.45ഓടെ തന്നെ ആംബുലന്‍സില്‍ കയറ്റിയിരുന്നു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം നടത്താതെ കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പോലിസ് തടയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. രാത്രി 12.30വരെ തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ അര്‍ധരാത്രിക്കു ശേഷം മൃതദേഹം എയിംസിലേക്കു മാറ്റുകയായിരുന്നു. സ്വഭാവിക മരണമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടും പോലിസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി വാശിപിടിക്കുകയായിരുന്നു.
ഇന്ന് വെള്ളിയാഴ്ച്ച ആയതിനാല്‍ ജുമുഅ പ്രാര്‍ഥന സമയത്തുള്ള സംസ്‌കാര ചടങ്ങില്‍ വന്‍ജനക്കൂട്ടം പങ്കെടുക്കുമെന്നും അത് സര്‍ക്കാരിനെതിരായ പ്രതിഷേധ വേദിയാവുമെന്നും ഭയന്നാണ് മൃതദേഹം കൊണ്ടുപോവുന്നത് പോലിസ് തടഞ്ഞതെന്നാണ് സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്.