പ്രസവത്തിനിടെ കുഞ്ഞിന്റെ ശരീരം മുറിഞ്ഞ സംഭവം; പുരുഷ നഴ്‌സ് അറസ്റ്റില്‍

ഇരുവര്‍ക്കുമെതിരേ കൊലപാതക കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Update: 2019-01-12 08:39 GMT

ജോധ്പുര്‍: രാജസ്ഥാനില്‍ പ്രസവത്തിനിടെ ശക്തമായി വലിച്ചതിനെ തുടര്‍ന്ന് നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞ സംഭവത്തില്‍ നഴ്‌സിനെ അറസ്റ്റ് ചെയ്തു. രാംഗഡ് ആശുപത്രിയിലെ പുരുഷ നഴ്‌സ് അമൃത് ലാലിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവം മറച്ചുവക്കാന്‍ പ്രതിയെ സഹായിച്ചതിനു മറ്റൊരു നഴ്‌സ് ജുജ്ഹാര്‍ സിങ് ഒളിവിലാണ്. ഇരുവര്‍ക്കുമെതിരേ കൊലപാതക കുറ്റമാണ് ചുമത്തിയിട്ടുള്ളത്. യുവതി പ്രസവത്തിനെത്തിയപ്പോള്‍ ഡ്യൂട്ടി ഡോക്ടറെ വിളിക്കാതെ പ്രസവം നടത്തിയതിനു ഇരുവരേയും ആശുപത്രി അധികൃതര്‍ നേരത്തേ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുഞ്ഞ് പുറത്തുവരാതിരുന്നപ്പോള്‍ നഴ്‌സ് കുഞ്ഞിനെ പുറത്തേക്ക് ശക്തമായി പിടിച്ച് വലിക്കുകയായിരുന്നു. ഇതിനിടെയാണ് കുഞ്ഞിന്റെ ശരീരം രണ്ടായി മുറിയുകയും ഒരുഭാഗം ഗര്‍ഭപാത്രത്തില്‍ തന്നെ അവശേഷിക്കുകയും ചെയ്തത്.സംഭവശേഷം വിവരം ആരെയും അറിയിക്കാതെ കുഞ്ഞിന്റെ മൃതദേഹം നഴ്‌സുമാര്‍ മോര്‍ച്ചറിയില്‍ ഉപേക്ഷിച്ചു. യുവതിയുടെ നില ഗുരുതരമാണെന്നു പറഞ്ഞ് ജോധ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കളോട് പറഞ്ഞു. അവിടെ നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ യുവതി പ്രസവിച്ചപ്പോള്‍ കുഞ്ഞിന്റെ തലയും പ്ലാസന്റയും മാത്രമാണു പുറത്തുവന്നത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുടുംബത്തെ വിവരമറിയിക്കുകയും രാംഗഡ് ആശുപത്രിക്കെതിരേ ഭര്‍ത്താവ് പരാതി നല്‍കുകയുമായിരുന്നു.




Tags:    

Similar News