രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ല; വാക്‌സിനുകള്‍ കൃത്യസമയത്ത് എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്ക്: കേന്ദ്ര ആരോഗ്യമന്ത്രി

Update: 2021-04-14 16:18 GMT

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന് ക്ഷാമം നേരിടുന്നില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങളില്‍ വാക്‌സിന് ക്ഷാമം നേരിടുന്നതായും കേന്ദ്രം ഇവ ലഭ്യാമാക്കുന്നില്ലെന്നുമുള്ള റിപോര്‍ട്ടുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തള്ളി. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ആവശ്യത്തിന് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോട് പറഞ്ഞു. മികച്ച ആസൂത്രണത്തിലൂടെ കൃത്യസമയത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിനുകള്‍ എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം അതത് സംസ്ഥാനങ്ങള്‍ക്കാണ്.

മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഢ്, ഒഡീഷ, ആന്ധ്രാപ്രദേശ്, ഡല്‍ഹി, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ കൂടുതല്‍ വാക്‌സിന്‍ ഡോസ് സ്‌റ്റോക്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിാര്‍ എന്നിവിടങ്ങളിലും ചില സ്ഥലങ്ങളില്‍ വാക്‌സിന്റെ കുറവ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡിന്റെ പേരില്‍ 'ഭയം വര്‍ധിപ്പിക്കുന്നത്' അവസാനിപ്പിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പുകളോട് കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. വാക്‌സിനേഷന്‍ ആവശ്യമില്ലാത്തതിനാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതായും ഈ സംസ്ഥാനങ്ങളില്‍ ചിലതില്‍നിന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.

കൊവിഡ് കേസുകള്‍ കുറഞ്ഞുവന്ന പശ്ചാത്തലത്തില്‍ ഉത്പാദനം വെട്ടിക്കുറച്ചതുകൊണാണ് റെംഡെസിവിറിന്റെ ദൗര്‍ലഭ്യമുണ്ടായത്. ഈ സാഹചര്യത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളറും കേന്ദ്ര ആരോഗ്യമന്ത്രാലയവും ഉത്പാദകരുടെ യോഗം വിളിച്ചുചേര്‍ക്കുകയും റെംഡെസിവിറിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. റെംഡെസിവിര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ മരുന്നിന്റെ കൃത്രിമ ക്ഷാമമുണ്ടാക്കാനും ജനങ്ങളെ ചൂഷണം ചെയ്യാനും ആരെങ്കിലും ശ്രമിച്ചാലും ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.

Tags:    

Similar News