ഇസ്രായേല്‍ നല്‍കിയത് കാലാവധി കഴിയാറായ വാക്‌സിന്‍; സ്വീകരിക്കാതെ തിരിച്ചയച്ച് ഫലസ്തീന്‍

എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ചത് ജൂണില്‍ കാലാവധി അവസാനിക്കുന്ന വാക്‌സിനാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രി പറയുന്നു.

Update: 2021-06-19 06:25 GMT

റാമല്ല: ഇസ്രായേല്‍ ഭരണകൂടവുമായുള്ള കൊവിഡ് വാക്‌സിന്‍ കരാര്‍ പിന്‍വലിച്ച് ഫലസ്തീന്‍ അതോറിറ്റി. വാക്‌സിന്‍ കാലാവധി അവസാനിക്കാറായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 14 ലക്ഷം ഡോസ് ഫൈസര്‍ വാക്‌സിന്‍ ഫലസ്തീനിലേക്കയക്കാന്‍ ധാരണയായെന്ന് ഇസ്രായേല്‍ സര്‍ക്കാരും ഫലസ്തീന്‍ അതോറിറ്റിയും കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

ഇതു പ്രകാരം 90,000 ഡോസ് വാക്‌സിന്‍ ഫലസ്തീന് കൈമാറിയിരുന്നു. ജൂലൈ, ആഗസ്ത് മാസം വരെ വാക്‌സിന് കാലാവധിയുണ്ടെന്നായിരുന്നു ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചത്.എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ചത് ജൂണില്‍ കാലാവധി അവസാനിക്കുന്ന വാക്‌സിനാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രി പറയുന്നു. ഇതിനുള്ളില്‍ ജനങ്ങളില്‍ വാക്‌സിനേഷന്‍ നടത്തുക എന്നത് അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടി വാക്‌സിന്‍ ഡോസുകള്‍ തിരിച്ചയച്ചു.

ഇസ്രായേല്‍ പ്രധാനമന്ത്രിയായി നെഫ്താലി ബെന്നറ്റ് അധികാരമേറ്റ ശേഷം നടത്തിയ ആദ്യ നടപടികളിലൊന്നായിരുന്നു ഫലസ്തീന് വാക്‌സിന്‍ നല്‍കല്‍. ഇസ്രായേല്‍ ജനസംഖ്യയുടെ 55 ശതമാനവും ഇതിനോടകം വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. രാജ്യത്ത് ജനങ്ങള്‍ക്ക് മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും സര്‍ക്കാര്‍ എടുത്തു കളഞ്ഞു.

എന്നാല്‍, വെസ്റ്റ് ബാങ്ക്, ഗസ മേഖലകളിലെ ഫലസ്തീനികള്‍ക്ക്് വാക്‌സിന്‍ നല്‍കാത്ത ഇസ്രായേല്‍ നടപടി ലോകമാകെ വന്‍ വിമര്‍ശനത്തിന്് കാരണമായിരുന്നു എന്നാല്‍, ഒസ്ലോ കരാര്‍ പ്രകാരം ഈ മേഖലകളില്‍ വാക്‌സിന്‍ നല്‍കേണ്ട ഉത്തരവാദിത്തം ഫലസ്തീന്‍ അതോറിറ്റിക്കാണെന്നായിരുന്നു ഇസ്രായേല്‍ വാദം.

Tags:    

Similar News