സിഎഎ, എന്‍ആര്‍സി: മുംബൈയില്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്ന് പതിനായിരങ്ങള്‍

മുംബൈയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നവി മുംബൈ, താനെ എന്നിവിടങ്ങളില്‍നിന്നും മഹാരാഷ്ട്രയുടെ വിവിധ മേഖലകളില്‍നിന്നും ആയിരക്കണക്കിനാളുകളാണ് പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാനായി ആസാദ് മൈതാനിയിലേക്ക് ഒഴുകിയെത്തിയത്.

Update: 2020-02-15 15:19 GMT

മുംബൈ: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുംബൈയില്‍ പതിനായിരങ്ങളുടെ വമ്പിച്ച പ്രക്ഷോഭം. ആയിരക്കണക്കിന് സ്ത്രീകള്‍ അണിനിരന്ന പ്രതിഷേധപരിപാടി ശനിയാഴ്ച മുംബൈയിലെ ഐക്കണിക് ആസാദ് മൈതാനിയിലാണ് അരങ്ങേറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ ഉറുദു കവി ഫൈസ് അഹമ്മദ് ഫൈസിന്റെ പ്രശസ്ത കവിതയിലെ 'ഹം ദേഖേങ്കേ' എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേയും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേയും ദേശീയതരത്തില്‍ രൂപീകരിച്ച സഖ്യത്തിന്റെ മുംബൈ ചാപ്റ്ററായ 'മഹാമോര്‍ച്ച'യുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്.

മുംബൈയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നവി മുംബൈ, താനെ എന്നിവിടങ്ങളില്‍നിന്നും മഹാരാഷ്ട്രയുടെ വിവിധ മേഖലകളില്‍നിന്നും ആയിരക്കണക്കിനാളുകളാണ് പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാനായി ആസാദ് മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. ദേശീയപതാകയും സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയെ അപലപിക്കുന്ന ബാനറുകളും പ്ലക്കാര്‍ഡുകളുമുയര്‍ത്തി മോദിയില്‍നിന്നും അമിത് ഷായില്‍നിന്നും സ്വാതന്ത്ര്യം, സിഎഎയില്‍നിന്നും എന്‍ആര്‍സിയില്‍നിന്നും സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ മുഴക്കി. ഞങ്ങള്‍ പണ്ടുമുതല്‍ ഇന്ത്യന്‍ പൗരന്‍മാരാണെന്നും ഒരു രേഖയും കാണിക്കില്ലെന്നും പ്രതിഷേധക്കാര്‍ ഉറക്കെ പ്രഖ്യാപിച്ചു.

സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരായ പ്രമേയങ്ങളും പ്രതിഷേധപരിപാടിയുടെ ഭാഗമായി പാസാക്കി. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് സമ്മേളനത്തില്‍തന്നെ റദ്ദാക്കണമെന്ന് പ്രതിഷേധക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി മുഴങ്ങിക്കേട്ട ഉറുദു കവി ഫൈസ് അഹമ്മദ് ഫൈസിന്റെ പ്രശസ്തമായ കവിത 'ഹം ദേഖേങ്കേ' പ്രാസംഗികര്‍ ചടങ്ങില്‍ ആലപിച്ചു. പ്രതിഷേധപരിപാടിയുടെ കണ്‍വീനര്‍ റിട്ട. ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍, സോഷ്യല്‍ ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റല്‍വാദ്, നടന്‍ സുശാന്ത് സിങ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസിം അസ്മി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. 

Tags:    

Similar News