ഫ്രാന്‍സിന്റെ പ്രവാചക നിന്ദയ്‌ക്കെതിരേ ഭോപ്പാലില്‍ ആയിരങ്ങളുടെ പ്രതിഷേധം

Update: 2020-10-30 17:24 GMT

ഭോപ്പാല്‍: ഫ്രാന്‍സില്‍ മുഹമ്മദ് നബിയെ അവഹേളിച്ചതിനെതിരേ മധ്യപ്രദേശിലെ ഭോപ്പാലില്‍ ആയിരങ്ങളുടെ പ്രതിഷേധം. ഷാര്‍ലെ ഹെബ്ദോ മാസിക പ്രസിദ്ധീകരിച്ച പ്രവാചകന്റെ വിവാദ കാര്‍ട്ടൂണുകളെ പിന്തുണയ്ക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തീരുമാനത്തിനെതിരേയാണ് പ്രതിഷേധമുയര്‍ന്നത്. എന്നാല്‍, കൊവിഡ് -19 നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 2000ത്തോളം പേര്‍ക്കെതിരേ കേസെടുത്തതായി സിറ്റി പോലിസ് അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇദ്ദേഹത്തെ കൂടാതെ ഏതാനും മുസ് ലിം പണ്ഡിതന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനും ഐപിസി 188ാം വകുപ്പ് പ്രകാരവും കേസെടുത്തതെന്ന് തലൈയ പോലിസ് സ്റ്റേഷന്‍ ഓഫിസര്‍ ഡി പി സിങ് പറഞ്ഞു. ആരിഫ് മസൂദ് എംഎല്‍എ പ്രതിഷേധത്തില്‍ പങ്കെടുക്കുകയും അതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

    കൊറോണ വൈറസിനെ തുടര്‍ന്ന് ജനങ്ങള്‍ ഒത്തുകൂടുന്നത് നിരോധിച്ച ജില്ലാഭരണ ഉത്തരവ് പ്രതിഷേധക്കാര്‍ ലംഘിച്ചെന്നാണ് പോലിസ് കണ്ടെത്തല്‍. പ്രതിഷേധ സ്ഥലത്ത് നിന്ന് അക്രമമോ ക്രമസമാധാന പാലനമോ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, മധ്യപ്രദേശ് സമാധാനത്തിന്റെ നാടാണെന്നും സമാധാനം ശല്യപ്പെടുത്തുന്നവരെ കര്‍ശനമായി നേരിടുമെന്നും മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഐപിസി സെക്ഷന്‍ 188 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും ആരായാലും കുറ്റവാളിയെ ഒഴിവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

  


     ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഭോപ്പാലില്‍ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചതിനു മുഖ്യമന്ത്രിയും ബിജെപി മുന്നണി നേതാക്കള്‍ക്കുമെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലംരതിച്ച് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇതിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സംഘടിപ്പിച്ചതെന്ന് നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു.

Thousands protest against prophet's insult in France, booked by police


Tags:    

Similar News