കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു. ഒരാള്‍ സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയതായി പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെക്കന്‍ കശ്മീര്‍ഷോപ്പിയാന്‍ ജില്ലയിലെ കനിഗാം മേഖലയില്‍ സുരക്ഷാസേന രാത്രിയില്‍ സായുധരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.
അല്‍ബദര്‍ സംഘത്തില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട നാല് പ്രാദേശിക സായുധരുടെ സാന്നിധ്യം കണ്ടെത്തിയതോടെ സുരക്ഷാസേന ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലിസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കീഴടങ്ങാനുള്ള ആവശ്യം സായുധര്‍ നിരസിക്കുകയും സുരക്ഷാ സേനയ്ക്ക് നേരെ വെടിവയ്പ്പ് ആരംഭിക്കുകയും ഗ്രനേഡ് എറിയുകയുമായിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിച്ചതോടെയാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തൗസിഫ് അഹമ്മദ് എന്നയാളാണ് കീഴടങ്ങിയത്. പ്രദേശത്ത് സായുധര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായി കശ്മീര്‍ പോലിസ് അറിയിച്ചു.