പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് യുപിയില്‍ മൂന്ന് യുവാക്കള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം

Update: 2021-10-29 18:27 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മൂന്ന് യുവാക്കള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഒക്ടോബര്‍ 20ന് നോയിഡയില്‍ നടന്ന ഈദ് മിലാദ് നബിദിന ഘോഷയാത്രക്കിടെ ഇവര്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. മുഹമ്മദ് സഫര്‍, സമീര്‍ അലി, അലി റാസ എന്നിവര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ഘോഷയാത്രക്കിടയില്‍ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ വീഡിയോകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച നോയിഡ സെക്ടര്‍ 20 പോലിസ് സ്റ്റേഷന് പുറത്ത് ഒരുസംഘം ഹിന്ദുത്വര്‍ തടിച്ചുകൂടിയിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലിസ് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് വിശ്വഹിന്ദു പരിഷത്തും അതിന്റെ യുവജനവിഭാഗമായ ബജ്‌റംഗ്ദളും സമരം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മൂന്നുപേര്‍ക്കുമെതിരേ പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

മൂന്നുപേര്‍ക്കെതിരേ ഐപിസി സെക്ഷന്‍ 153 എ പ്രകാരവും പിന്നീട് സെക്ഷന്‍ 124 എ പ്രകാരവുമാണ് കേസെടുത്തതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ ഇവര്‍ മൂന്നുപേരും ജൂഡീഷല്‍ കസ്റ്റഡിയിലാണ്. പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടുദിവസം മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റുചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Tags:    

Similar News