ജയ് പൂര്‍: മകനും മരുമകളും ചേര്‍ന്ന് പീഡിപ്പിക്കുന്നതിനാല്‍ സ്വത്ത് സര്‍ക്കാരിനു നല്‍കാനൊരുങ്ങുകയാണ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ വയോധികന്‍. ഒഡീഷയിലെ ജയ്പൂര്‍ ജില്ലയിലെ ഘേത്രാമോഹന്‍ മിശ്രയാണ് തന്റെ സ്വത്തുവകകള്‍ വൃദ്ധമന്ദിരം നിര്‍മിക്കാന്‍ വേണ്ടി സര്‍ക്കാരിനു നല്‍കുന്നത്. മകന്റെയും മരുമകളുടെയും സ്വഭാവദൂഷ്യം കാരണമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും നിരവധി തവണ അവര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും മിശ്ര പറഞ്ഞു. ഞാന്‍ ഉടമ്പടിയില്‍ ഒപ്പിട്ടു. ശിഷ്ടകാലം വൃദ്ധമന്ദിരത്തില്‍ കഴിയാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
തന്നെ പോലെയുള്ള വയോധികരുടെ വിശ്രമത്തിനു വേണ്ടി കെട്ടിടം നിര്‍മിക്കണമെന്നാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മിശ്രയെ വൃദ്ധമന്ദിരത്തിലേക്കു മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചതായി ജയ് പൂര്‍ ജില്ലാ കലക്്ടര്‍ രഞ്ജന്‍ കെ ദാസ് പറഞ്ഞു. ഛാണ്ഡിഘോലെയ്ക്കു സമീപത്തെ വൃദ്ധമന്ദിരത്തിലേക്ക് അദ്ദേഹത്തെ മാറ്റാന്‍ നടപടികളെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വത്ത് സര്‍ക്കാരിലേക്ക് നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. അവിടെ വൃദ്ധമന്ദിരം നിര്‍മിക്കണമെന്നാണ് ആവശ്യം. അതു തന്നെയാണ് തങ്ങളുടെയും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.